Tuesday, January 7, 2025
Kerala

ചെമ്പരിക്ക ഖാസി വധം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മകന്‍

ഇ കെ വിഭാഗം സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍ മുഹമ്മദ് ശാഫി. കൊലപാതകത്തിന് പിന്നില്‍ സ്വന്തം സ്ഥാപനമായ എം ഐ സിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന് ഇ കെ വിഭാഗം നേതാവ് ബഹാവുദ്ദീന്‍ നദ്‌വി വെളിപ്പെടുത്തി ദിവസങ്ങള്‍ക്കകമാണ് ഇതിന് കൂടുതല്‍ കരുത്ത് പകരുന്ന വെളിപ്പെടുത്തലുകള്‍ മകന്‍ നടത്തിയത്.

പിതാവ് മരിച്ചതിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സ്ഥാപന മേധാവികള്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും കേസിന്റെ ഗതി മാറ്റാനും ശ്രമിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാപനത്തില്‍ പിതാവ് ഉപയോഗിച്ചിരുന്ന റൂമിന്റെ ചാവി ഒന്നേയുള്ളൂവെന്നും അതുമായി വന്ന് കുടുംബത്തിന്റെയും സ്ഥാപന ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ മുറി തുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ മുറി മരണത്തിന് ശേഷം പലതവണ തുറന്നതായി ഓഫീസ് സെക്രട്ടറിയില്‍ നിന്ന് താന്‍ വൈകാതെ അറിഞ്ഞെന്നും ശാഫി വ്യക്തമാക്കി.

കൊലപാതകത്തിന്റെ 21ാം ദിവസമാണ് തങ്ങളെ സമസ്ത മുശാവറയിലേക്ക് വിളിച്ചത്. വൈസ് പ്രസിഡന്റിന് ഇങ്ങനെ സംഭവിച്ചിട്ട് ബന്ധുക്കളെ ബന്ധപ്പെടാന്‍ ഇത്ര വൈകിയത് എന്താണെന്നുള്ള ചോദ്യത്തിന് നിങ്ങളുടെ ഭാഗത്ത് നിന്നുള്ളവര്‍ തന്നെയാണ് പിന്തിരിപ്പിച്ചതെന്ന് ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. അതാരാണെന്ന ചോദ്യത്തിന് ബാപ്പു മുസ്ലിയാര്‍ ഉത്തരം പറഞ്ഞില്ലെന്നും ശാഫി വ്യക്തമാക്കി.

സമസ്ത നിയോഗിച്ച രണ്ടംഗ കമ്മീഷനോട് സ്ഥാപനത്തിന്റെ പ്രധാനി പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന കമ്മീഷന്‍ അംഗങ്ങളോട്, ആത്മഹത്യ ചെയ്യുന്നയാള്‍ തെങ്ങിന്റെ മണ്ടയില്‍ വരെ കയറുമെന്ന ഡി വൈ എസ് പിയുടെ മറുപടിയാണ് ഇദ്ദേഹം കൊടുത്തതെന്നും ശാഫി പറഞ്ഞു. ഫേസ്ബുക്കിലാണ് ശാഫി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പോസ്റ്റ് പൂര്‍ണരൂപത്തില്‍:

കൊലയാളികളെ പിടികൂടാത്ത പതിനൊന്നാണ്ടുകൾ…
ചില അനുഭവ സത്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു…
സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ബഹാഉദ്ധീൻ നദ്‌വി ഉസ്താദ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങളോട് ചേർത്തി ചില അനുഭവ സത്യങ്ങൾ പറയാനുണ്ട്.
ഉപ്പ മരണപ്പെട്ടതിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സ്ഥാപന മേധാവികൾ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേസിന്റെ ഗതി മാറ്റാനായിരുന്നു അവരുടെ പരിശ്രമമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളോട് നേരിട്ട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് ബോധ്യപ്പെട്ടു.
ഖബറടക്കം കഴിഞ്ഞ ഉടനെ യുഎം അബ്ദുറഹ്മാൻ മുസ്‌ലിയാർ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് പറഞ്ഞ കാര്യവും മൂന്നാം നാളിൽ ഞങ്ങളുടെ ബന്ധു മുഹമ്മദ് കുഞ്ഞി എന്ന മുഹമ്മദ് അബ്ദുൽ ഖാദർ കൊണ്ട് വന്ന ലെറ്റെറിലുണ്ടായ പാരഗ്രാഫും ഒരേ വാചകമായിരുന്നു.
എംഐസിയിൽ ഉപ്പ ഉപയോഗിച്ച് കൊണ്ടിരുന്ന റൂമിന്റെ ചാവി ഒന്നേയുള്ളുവെന്നും ചാവിയുമായി വന്ന് കുടുംബത്തിന്റെയും എംഐസി കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച മുറി തുറക്കണമെന്ന് ഞങ്ങളെ യുഎം അബ്ദുറഹ്മാൻ മുസ്‌ലിയാർ വിളിച്ചറിയിച്ചു. വരാമെന്ന് ഞങ്ങളേറ്റു.
അതിന്റെ തലേ ദിവസം ഉപ്പയുടെ ഇടപാടുകൾ അറിയാൻ വേണ്ടി സ്ഥാപനത്തിൽ ഞാൻ പോയിരുന്നു. ഓഫീസ് സെക്രട്ടറിയുമായുള്ള സംസാരത്തിനിടയിൽ നാളെ ഓഫീസ് തുറക്കാനായി ചാവിയുമായി വരാൻ ആവശ്യപ്പെട്ട കാര്യം പറഞ്ഞപ്പോൾ, ഉപ്പയുടെ ഓഫീസ് യുഎം അബ്ദുറഹ്മാൻ മൗലവിയും ഞങ്ങളും നിരവധി തവണ തുറന്നെന്ന് അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു. എന്തിനായിരിക്കണം ഈ പച്ചക്കള്ളവും നാടകവും…!
കൊലപാതകത്തിന്റെ ഇരുപത്തിയൊന്നാം ദിവസമാണ് ഞങ്ങളെ സമസ്ത മുശാവറയിലേക്ക് വിളിക്കുന്നത്. അവിടെ വെച്ച് ഞാൻ ചോദിച്ചു, ‘നിങ്ങളുടെ വൈസ് പ്രസിഡന്റിന് ഇങ്ങനെ സംഭവിച്ചിട്ട് എന്തുകൊണ്ടാണ് ഞങ്ങളെ ബന്ധപ്പെടാൻ ഇത്ര വൈകിയത്’ ?. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ നിങ്ങളുടെ ഭാഗത്ത് നിന്നുള്ളവർ തന്നെയാണ് പിന്തിരിപ്പിച്ചതെന്ന് ബാപ്പു മുസ്‌ലിയാർ മറുപടിയായി പറഞ്ഞു. അതാരാണെന്ന് അപ്പോൾ തന്നെ മർഹൂം ഖാസിം മുസ്‌ലിയാർ ചോദിച്ചിരുന്നു. സഭയിൽ നിന്ന് ബാപ്പു മുസ്‌ലിയാർ പേരുകൾ വെളിപ്പെടുത്തിയിരുന്നില്ല. പിന്തിരിപ്പിച്ച വ്യക്തികൾ യുഎം അബ്ദുറഹ്മാൻ മുസ്ലിയാരും മറ്റൊരാളുമെന്ന് (ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല) ബഹുമാനപ്പെട്ട ബാപ്പു മുസ്‌ലിയാർ പിന്നീട് വ്യക്തമാക്കി. ഇതിൽ നിന്ന് തന്നെ ബഹുമാനപ്പെട്ട സമസ്തക്ക് ചില പൊരുത്തക്കേടുകൾ ബോധ്യമാവേണ്ടതല്ലേ?
അന്നത്തെ മുശാവറയുടെ മുഖ്യ തീരുമാനം കുടുംബത്തിലേക്ക് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വരാൻ രണ്ട് അംഗ കമ്മീഷനെ നിയോഗിച്ചതായിരുന്നു.
പ്രസ്‌തുത അന്വേഷണ സംഘം അടുത്ത ആഴ്ച തന്നെ എത്തി. അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊണ്ട് വരുന്നതിനിടയിൽ വാഹനത്തിൽ വെച്ച് യുഎം അബ്ദു റഹ്മാൻ മുസ്ലിയാരോട് അന്വേഷണ സംഘം ചോദിച്ചു; ‘അല്ലാ ഉസ്താദേ… നിങ്ങളുടെ അഭിപ്രായമെന്താണ്?… ആത്മഹത്യ ചെയ്യുന്ന ആൾ തെങ്ങിന്റെ മണ്ടയിൽ വരെ കയറുമെന്ന്
ഡി.വൈ.എസ്.പി ഹബീബ് റഹ്മാൻ പറഞ്ഞ മറുപടിയാണ് ഉസ്താദ് അവർക്ക് കൊടുത്തത്. ഈ സംഭവം അമ്പരപ്പോടെയാണ് സമസ്ത മുശാവറയുടെ അന്വേഷണ സംഘം ഞങ്ങളോട് വിശദീകരിച്ചത്.
എംഐസിയുടെ വൈസ് പ്രസിഡന്റ് ഖത്തറിൽ വെച്ച് ഹാദിയയുടെ യോഗത്തിൽ ഖാസിയുടേത് കൊലപാതകം എന്ന് പുറത്തുള്ളവർ മാത്രമേ പറയുന്നുള്ളൂ എന്നും ഞങ്ങളുടെ നാട്ടിലൊന്നും അങ്ങനെ ഒരു വർത്തമാനമേ ഇല്ല… ഞങ്ങളൊക്കെ അവിടെ അല്ലേ ജീവിക്കുന്നത്.. എന്ന് പറഞ്ഞിരുന്നു. മരണത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇദ്ദേഹം ഞങ്ങളുടെ വീട്ടിൽ വന്ന് പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയാതിരിക്കാൻ നിർവാഹമില്ല.
ഇദ്ദേഹവും സഹോദരനും മരണത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസങ്ങളിൽ വീട്ടിലേക്ക് വന്ന് ഞങ്ങളോട് നിർദ്ദേശിക്കുന്ന പോലെ ചില കാര്യങ്ങൾ പറയുകയുണ്ടായി. കേസിന് പിറകിൽ പോയാൽ പേര് ദോഷവും നാണക്കേടുമുണ്ടാകുമെന്നും കേസുമായി മുന്നോട്ട് പോകരുതെന്നും അവർ പറഞ്ഞു. നാണക്കേടുണ്ടാവുമെന്ന് പറഞ്ഞ് കേസിന് പിറകെ പോകാതിരിക്കാൻ പറ്റുമോ എന്ന് ആ നിമിഷം തന്നെ ത്വാഖാ ഉസ്താദ് അവരോട് ചോദിച്ചിരുന്നു. ഈ പറഞ്ഞതിൽ നിന്ന് കൂടുതൽ വ്യക്തത വരുത്താനായി രണ്ട് ദിവസം കഴിഞ്ഞ് കല്ലട്ര മാഹിൻ ഹാജിയെയും ഒപ്പം കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. സിബിഐ യെ വരുത്തി ഖബർ തോണ്ടാനുള്ള സാഹചര്യം ഉണ്ടാക്കരുത് എന്ന് അവിടെ വെച്ച് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
പുലർച്ചെ നാലു മണിക്ക് പോലും ഉപ്പ വിളിച്ച് ഞാൻ വീട്ടിലേക്ക് പോയിട്ടുണ്ടെന്നും ഉസ്താദ് തന്നെ ചായ കൊണ്ട് കൊടുക്കാറുണ്ടെന്നും എംഐസിയുടെ വൈസ് പ്രസിഡണ്ട് ഉപ്പയോടുള്ള ബന്ധം സൂചിപ്പിക്കാനായി പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് കൃത്യം ആറ് മാസം മുൻപ് ഉപ്പ എഴുതിയ ഡയറിയിൽ ഇവർ തമ്മിലുള്ള ബന്ധം അദ്ദേഹം പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നതല്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *