ചന്ദ്രബോസ് വധം: പ്രതി നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് റിഷിരാജ് സിംഗ്; സർക്കാരിന് കത്ത് നൽകി
ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതി നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ ഡിജിപി റിഷി രാജ് സിംഗ്. നിഷാം ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി റിഷി രാജ് സിംഗ് സർക്കാരിനും അഡ്വക്കേറ്റ് ജനറലിനും കത്ത് നൽകി
കഴിഞ്ഞ മാസം 13നാണ് ഹൈക്കോടതി നിഷാമിന് ഇടക്കാല ജാമ്യം നൽകിയത്. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. 15 ദിവസത്തേക്ക് നേടിയ ജാമ്യം പിന്നീട് നീട്ടുകയായിരുന്നു. സർക്കാർ ആശുപത്രിക്ക് പകരം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടരുത് എന്നതുൾപ്പെടെ വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്.
എന്നാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിഷാം ചികിത്സ തേടിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതേ തുടർന്നാണ് റിഷി രാജ് സിംഗ് സർക്കാരിന് കത്ത് നൽകിയത്. 2016ൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാൾ.