ശബരിമല കാണിക്ക എണ്ണലിൻറെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
ശബരിമല കാണിക്ക എണ്ണലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. കാണിക്ക എണ്ണലിൻറെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർക്ക് കോടതി നിർദേശം നൽകി. മുൻപില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്ന് കമ്മീഷണർ കോടതിയെ അറിയിച്ചു. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്.
കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ വ്യക്തമാക്കി. കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോയെന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിരിക്കുകയാണ്. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും വരുമാനമാണ് ശബരിമലയിൽ ഇത്തവണത്തെ സീസണിൽ ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ശബരിമലയിൽ തീർത്ഥാടകരോട് ദേവസ്വം ഗാർഡ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ദേവസ്വം ജീവനക്കാരനെതിരെ വകുപ്പുതലത്തിൽ തുടർനടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.അനന്തഗോപൻ അറിയിച്ചു. ഇയാളെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തുകയും വിശദീകരണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുടരനേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബഫർ സോൺ ശബരിമലയെ ബാധിക്കില്ലെന്നും നിലയ്ക്കലിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. ഗാർഡ് തീർത്ഥാടകരെ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്.