മലപ്പുറം കോട്ടയ്ക്കലിൽ ഹണിട്രാപ്; ഒരു സ്ത്രീ അടക്കം ഏഴ് പേർ പിടിയിൽ
മലപ്പുറം കോട്ടയ്ക്കലിൽ ഹണിട്രാപ് കേസിൽ ഒരു സ്ത്രീയടക്കം ഏഴ് പേർ അറസ്റ്റിൽ. യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബിപി അങ്ങാടി സ്വദേശി ഹസീം, തിരൂർ സ്വദേശികളായ നിസാമുദ്ദീൻ, റഷീദ്, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക്, നസറുദ്ദീൻ എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ച മുമ്പാണ് ഫസീല മിസ്ഡ് കോൾ വഴി കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപ്പെട്ടത്. അടുപ്പം വളർത്തിയെടുത്ത ശേഷം യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവർ വാഹനത്തിൽ സംസാരിച്ചു നിൽക്കെ മറ്റ് നാല് പേർ കൂടി വാഹനത്തിലേക്ക് കയറുകയും ഫസീലയെയും യുവാവിനെയും ചേർത്ത് നിർത്തി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു
അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇവ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പോലീസ് യുവാവിനെ കൊണ്ട് പ്രതികളെ വിളിച്ചുവരുത്തിയത്.