Wednesday, January 8, 2025
Kerala

നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

 

മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോർ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോർഡുകൾ സ്ഥാപിക്കണം. എന്നാൽ കേരളത്തിൽ ഇത്തരം ബോർഡുകൾ വളരെ കുറവാണ്.

 

പരമാവധി വേഗതയെക്കുറിച്ച് അറിവില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പാതകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറകളിൽ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് സിജു കമലാസനൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

 

മോട്ടോർ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും സിജുവിൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ മോട്ടോർ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *