ലൈസന്‍സില്ലാത്തവരെ ഈ മാസം 10 മുതല്‍ കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടത്തിന് അനുവദിക്കരുത്; ഹൈകോടതി
കൊച്ചി: ലൈസന്‍സില്ലാത്തവരെ ഈ മാസം 10 മുതല്‍ കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടത്തിന് അനുവദിക്കരുതെന്ന് ഹൈകോടതി. വിവിധ ഡിവിഷനുകളില്‍ രൂപം നല്കിയ ജാഗ്രത സമിതികള്‍ അനധികൃതമായി വഴിയോരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വിവരം നഗരസഭയെ അറിയിക്കുകയും നഗരസഭ ഇതിന്മേല് നടപടിയെടുക്കുകയും വേണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ കര്‍ശന നിര്‍ദേശം നല്കി.
ഇതിന് പൊലീസിെന്റയോ മറ്റോ സഹായം ആവശ്യമെങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറെയോ കലക്ടറെയോ വിവരം അറിയിക്കുകയും അവര്‍ അത് നല്‍കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു. കൊച്ചി നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടങ്ങള്‍ തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികളിലാണ് ഉത്തരവ്.
ലൈസന്‍സ് (വെന്‍ഡിങ് ലൈസന്‍സ്) ഉള്ളവര്‍ സ്ട്രീറ്റ് വെന്‍ഡിങ് പ്ലാന്‍ പ്രകാരം അനുവദിച്ച മേഖലയില്‍ മാത്രമേ കച്ചവടം നടത്താവൂവെന്നും ഉത്തരവില്‍ പറയുന്നു. കച്ചവടക്കാര്‍ ലൈസന്‍സ് എപ്പോഴും കൈയില്‍ കരുതുകയും പരിശോധനക്ക് ആവശ്യപ്പെട്ടാല്‍ നല്‍കുകയും വേണം. ഡിസംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 1070 പേര്‍ക്കാണ് വഴിയോരക്കച്ചവടത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ളത്.
2021 നവംബര്‍ 23 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള കാലയളവില്‍ അപേക്ഷ നല്കിയവരില് 1589 പേര്‍ക്ക് ലൈസന്‍സിന് അര്‍ഹതയുണ്ടെന്ന് ഇതിനുള്ള സബ് കമ്മിറ്റി കണ്ടെത്തിയിരുന്നു.