ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
പാലക്കാട് ആർആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാറിന്റെ നമ്പർ വ്യക്തമല്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഗവർണറോട് കെ സുരേന്ദ്രൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇതിനിടെ പാലക്കാട് കണ്ണന്നൂരിൽ ദേശീയപാതക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വടവാളുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഉപേക്ഷിച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആയുധങ്ങൾ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.