Saturday, January 4, 2025
Top News

പ്രഭാത വാർത്തകൾ

 

🔳രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി. ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയായ രീതിയില്‍ മുന്നോട്ടുപോവുന്ന ഒരു സമൂഹത്തില്‍ സമൂഹ മാധ്യമങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചൈന സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയെന്നും ഇന്ത്യയില്‍ സുപ്രീം കോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് നമുക്ക് അവയെ നിരോധിക്കേണ്ടി വന്നേക്കാമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ഫെയ്‌സ്ബുക്ക് ഇല്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഗുരുമൂര്‍ത്തിയുടെ അഭിപ്രായ പ്രകടനം. അതേസമയം ആര്‍എസ്എസ് സൈദ്ധാന്തികന്റെ അഭിപ്രായത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തി.

🔳ശബരിമല യുവതി പ്രവേശന കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് വേഗത്തില്‍ പരിഗണിക്കണമെന്ന് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തര്‍ജനമാണ് കത്തിലൂടെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യം പിന്തുണച്ചിട്ടുണ്ട് എന്ന് ദേവകി അന്തര്‍ജനം കത്തില്‍ ചൂണ്ടികാട്ടി.

🔳കിഫ്ബി വിവാദത്തില്‍ സിഎജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടക്കം കുറിച്ചതൊന്നും ഈ സര്‍ക്കാര്‍ മുടക്കില്ലെന്നും കേരളം ഒരിഞ്ച് പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലരുടെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളം അല്‍പം പുറകോട്ട് പോയാല്‍ അവര്‍ക്ക് അത്രയും സന്തോഷമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കിഫ്ബി സഹായം ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്സ് അവാര്‍ഡ് ദാന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

🔳കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദ്വിമുഖ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാത്രി ഒന്‍പതേമുക്കാലിനാണ് ഷട്ടര്‍ അടച്ചത്. 2399.10 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് ചെറുതോണിയിലെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്.

🔳യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്‌കരിച്ച ‘നിര്‍ഭയ’ പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിത്.

🔳ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഇന്നലെ കേസ് പരിഗണിക്കവെ ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കേസില്‍ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. സഭാ തര്‍ക്കക്കേസുകള്‍ വീണ്ടും വാദം കേള്‍ക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റി.

🔳കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കേരളം വന്‍ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്നും അതിനാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.

🔳വിവാദങ്ങള്‍ക്കിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനവുമായി കെ റെയില്‍ മുന്നോട്ട്. പഠനത്തിന്റെ ഭാഗമായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ റെയില്‍ അറിയിച്ചു. ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്.

🔳നിര്‍മ്മാണ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതിനാല്‍ വീടുകളുടെയും ഫ്ലാറ്റുകളുടെയും വിലയിലും വര്‍ധനവുണ്ടാകുമെന്ന് ക്രഡായ്. സിമന്റിനും ഇരുമ്പിനുമെല്ലാം വില വര്‍ധിച്ച സാഹചര്യത്തില്‍ പ്രോപ്പര്‍ട്ടിയുടെ മൂല്യം 10 മുതല്‍ 15 ശതമാനം വരെ ഉയരുമെന്നാണ് ക്രഡായി വ്യക്തമാക്കിയിരിക്കുന്നത്. സിമന്റും സ്റ്റീലും അടക്കം അസംസ്‌കൃത വസ്തുക്കളുടെ വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

🔳കരുവന്നൂര്‍ കേസ് പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സഹപ്രവര്‍ത്തകയുടെ മകന്റെ കല്ല്യാണത്തിനാണ് താന്‍ പങ്കെടുത്തതെന്നും വരന്‍ തന്റെ വിദ്യാര്‍ഥിയാണെന്നും 20 വര്‍ഷമായി ആ കുടുംബത്തെ അറിയാമെന്നും പറഞ്ഞ മന്ത്രി വധുവിന്റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും അറിയിച്ചു.

🔳കൊച്ചിയിലെ മോഡലുകളുടെ കാറപകടമരണത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ്. യുവതികള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ റോയിയെ വീണ്ടും വിളിപ്പിക്കും. കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

🔳സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി വിധി ശരിവച്ച് കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കോടതി വിധി ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ബാധിക്കരുതെന്ന് സുപ്രീംകോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി വിധിച്ചു.

🔳26ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയില്‍ നടക്കും. തിരുവനന്തപുരത്ത് വച്ച് ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 2021 ഡിസംബറില്‍ നടക്കാനിരുന്ന ചലച്ചിത്ര മേളയാണ് 2022 ഫെബ്രുവരിയിലേക്ക് മാറ്റിയത്.

🔳അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെന്ന് എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് സൂയ്‌സൈഡ്‌സ് ഇന്‍ ഇന്ത്യ എന്ന പഠന റിപ്പോര്‍ട്ടിലാണ് വിവരം. 2016 മുതല്‍ 2020 വരെ 36,872 പേരാണ് വിവാഹ ജീവിതത്തിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത്.

🔳പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. പെട്രോളിന് 4 രൂപയും, ഡീസലിന് അഞ്ച് രൂപയുമാണ് സംസ്ഥാനത്തിന്റെ മൂല്യവര്‍ദ്ധന നികുതിയില്‍ രാജസ്ഥാന്‍ കുറവ് വരുത്തിയത്. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.അതേ സമയം ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.

🔳വ്യോമയാന രംഗത്തേക്ക് ചുവടുവയ്ക്കുന്ന കോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല ബോയിങ് കമ്പനിയില്‍ നിന്നും 72 വിമാനങ്ങള്‍ വാങ്ങുവാന്‍ കരാറായതായി റിപ്പോര്‍ട്ട്. 900 കോടി ഡോളറിനാണ് രാകേഷ് ജുന്‍ജുന്‍വാല ആരംഭിക്കുന്ന ആകാശ എയര്‍ലൈന്‍സ് ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് എന്നാണ് വിവരം. വളരെ ചിലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല വ്യോമയാന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഇന്റിഗോ, ജെറ്റ് എന്നീ വ്യോമയാന കമ്പനികളുടെ മുന്‍ സിഇഒമാരാണ് ആകാശ എയര്‍ കെട്ടിപ്പടുക്കാന്‍ ജുന്‍ജുന്‍വാലയ്ക്ക് ഒപ്പമുള്ളത്.

🔳200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലി നല്‍കാന്‍ കോടികള്‍ ചെലവഴിച്ചതായി ദില്ലി പൊലീസ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴിയാണ് ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞെന്നും പൊലീസ് കണ്ടെത്തി. സുകേഷിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപവരെ കൈക്കൂലി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

🔳ബലാത്സംഗക്കേസ് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ബംഗ്ലാദേശ് സുപ്രീംകോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജിയായ ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതെന്ന് ദി ഡയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳ലോകത്തെ ധനികരാജ്യങ്ങളില്‍ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തി ചൈന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോള തലത്തില്‍ രാജ്യങ്ങളിലെ ആസ്തികള്‍ കുത്തനെ വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ തന്നെ ഏറെ നേട്ടമുണ്ടാക്കിയത് ചൈനയും. കണ്‍സള്‍ട്ടന്‍സി കമ്പനി മക്കിന്‍സി ആന്റ് കമ്പനി ലോകത്തെ പത്ത് രാജ്യങ്ങളിലെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആഗോള വരുമാനത്തിന്റെ 60 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൈന, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, മെക്സിക്കോ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആസ്തിയുടെ കാര്യത്തില്‍ മുന്നിലുള്ള പത്ത് രാജ്യങ്ങള്‍.

🔳അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ തങ്ങളുടെ കോവിഡ് ആന്റിവൈറല്‍ ഗുളിക മറ്റ് കമ്പനികള്‍ക്കും നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി . ഇതോടെ ഈ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. പാക്‌സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ് പ്രതിരോധ ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ യോഗ്യരായ മറ്റ് കമ്പനികള്‍ക്കും നിമ്മിക്കാനുള്ള ഉപകരാര്‍ നല്‍കുമെന്നാണ് ഫൈസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

🔳പരിശീലകനെന്ന നിലയില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റിന് അമിത പ്രധാന്യം നല്‍കില്ലെന്നും മൂന്ന് ഫോര്‍മാറ്റും ഒരുപോലെ പ്രധാനമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ദ്രാവിഡ്. ടീമിലെ ഓരോ താരങ്ങളുടെയും പ്രകടനം നിരീക്ഷിക്കാനാണ് സമയം കണ്ടെത്തുകയെന്നും കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ ദ്രാവിഡ് ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി20 ടീമിന്റെ നായകനായി നിയമിതനായ രോഹിത് ശര്‍മക്കൊപ്പമാണ് ദ്രാവിഡ് വാര്‍ത്താസമ്മേളനത്തിനെത്തിയത്.

🔳താരങ്ങള്‍ക്ക് ആവേശവും ഊര്‍ജവും പകരുന്നതിനുവേണ്ടി പരിശീലനം നടത്തുന്ന ബംഗ്ലാദേശിലെ ഗ്രൗണ്ടില്‍ പാക് പതാക നാട്ടിയ പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ പുതിയ തീരുമാനം വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മുഷ്താഖിന്റെ ഈ തീരുമാനത്തില്‍ ബംഗ്ലാദേശ് ആരാധകര്‍ കടുത്ത അമര്‍ഷത്തിലാണ്. ബംഗ്ലാദേശില്‍ വന്നിട്ട് പാകിസ്താന്‍ കൊടി പാറിക്കാന്‍ താരങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും ഇത്തരത്തില്‍ രാജ്യത്തെ ആരും അപമാനിച്ചിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. പാകിസ്താന്‍ നാട്ടിലേക്ക് തിരിച്ചുപോകണമെന്നും കൊടി നാട്ടിയതില്‍ ക്ഷമ ചോദിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.

🔳കേരളത്തില്‍ ഇന്നലെ 70,576 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5,516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 171 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,087 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6705 പേര്‍ രോഗമുക്തി നേടി. ഇതോടെ 63,338 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,71,080 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104.

🔳ആഗോളതലത്തില്‍ ഇന്നലെ 4,47,001 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 62,216 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,243 പേര്‍ക്കും റഷ്യയില്‍ 36,818 പേര്‍ക്കും തുര്‍ക്കിയില്‍ 25,101 പേര്‍ക്കും ജര്‍മനിയില്‍ 30,483 പേര്‍ക്കും ഫ്രാന്‍സില്‍ 19,778 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 20,168 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.50 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.93 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,399 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 894 പേരും റഷ്യയില്‍ 1,240 പേരും ഉക്രെയിനില്‍ 838 പേരും റൊമാനിയായില്‍ 343 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.28 ലക്ഷമായി.

🔳കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ ആലോചിക്കുന്നതായി സൂചന. ജിയോബുക്ക് എന്നാണ് റിലയന്‍സ് ഇതിനെ വിളിക്കുന്നത്. ഈ വര്‍ഷം ആദ്യം ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണിനൊപ്പം ജിയോബുക്ക് ലാപ്ടോപ്പും ലോഞ്ച് ചെയ്യപ്പെടുമെന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോബുക്കിന് ഒരു എച്ച്ഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. കാര്യക്ഷമമായ 4ജി കണക്റ്റിവിറ്റിക്കായി സ്നാപ്ഡ്രാഗണ്‍ എക്‌സ്12 മോഡമുമായി സംയോജിപ്പിച്ചേക്കാവുന്ന സ്നാപ്ഡ്രാഗണ്‍ 665 എസ്ഒസി ആണ് ലാപ്ടോപ്പിന് ഊര്‍ജം നല്‍കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

🔳ദുല്‍ഖറിന്റെ പുതിയ ചിത്രം ‘കുറുപ്പ്’ അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കേരളത്തില്‍ 505 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ ആറരക്കോടി നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്ഫുള്‍ ആയിരുന്നു. ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്.

🔳പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിഹം. മോഹന്‍ലാല്‍ നായകനായ ചിത്രം ഒടിടിയിലേക്ക് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുകയും ഒടുവില്‍ ക്ലൈമാക്സില്‍ തിയറ്റര്‍ റിലീസ് തന്നെ ഉറപ്പിക്കുകയും ചെയ്തു. പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ആര്‍ച്ച എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

🔳ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 87,138 രൂപയാണ് ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്റെ എക്സ് ഷോറൂം വില. റെപ്സോള്‍ ഹോണ്ട റേസിങ് ടീമിന്റെ മെഷീനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പിന്റെ ഗ്രാഫിക്സും രൂപകല്‍പ്പനയെന്നും റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാനാണ് ശ്രമമെന്നും കമ്പനി പറയുന്നു.

🔳തിരിച്ചടിയില്‍ പതറാതെ വിജയ മനോഭാവവും ആത്മാഭിമാനവും നിങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്ന ഈ പ്രചോദനഗ്രന്ഥത്തില്‍ വിജയത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കി മികവ് നേടുന്നതെങ്ങനെയെന്ന് വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ‘വളരൂ നിങ്ങള്‍ക്കപ്പുറം’. റോബര്‍ട്ട് എ ഷുള്ളര്‍. ഡിസി ബുക്സ്. വില 230 രൂപ.

🔳ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഹൃദയാരോഗ്യം മോശമാകുന്നതിന്റെ പ്രധാന കാരണം. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സര്‍ക്കുലേഷന്‍ ജേണലിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ചെലവാക്കുന്ന കലോറിയുടെ അളവ് അറിഞ്ഞിരിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഓട്‌സ്, ഗോതമ്പ്, ബാര്‍ലി തുടങ്ങിയ മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍, ബീന്‍സ്, കടല തുടങ്ങിവയൊക്കെ അത്തരത്തില്‍ കഴിക്കാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒലീവ് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്. ഫ്രൈഡ് ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കാം.ശീതളപാനീയങ്ങള്‍, മധുരമടങ്ങിയ പാനീയങ്ങള്‍, ജ്യൂസ് പായ്ക്കറ്റുകള്‍ തുടങ്ങിയ കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ ഒഴിവാക്കാം. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പ് വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കുക. മദ്യപാനം പരമാവധി കുറയ്ക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് നാല് ഭാര്യമാരുണ്ടായിരുന്നു. നാലാമത്തെ ഭാര്യയോടാണ് അയാള്‍ക്ക് ഏറ്റവും ഇഷ്ടം. അതിനാല്‍ തന്നെ അവളെ എപ്പോഴും അണിയിച്ചൊരുക്കും. ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. മൂന്നാമത്തെ ഭാര്യ അതിസുന്ദരിയായിരുന്നു. അതുകൊണ്ട് തന്നെ ചടങ്ങുകളിലെല്ലാം അവളെയാണ് കൂടെ കൂട്ടിയിരുന്നത്. രണ്ടാമത്തെ ഭാര്യയായിരുന്നു അയാളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി. ഒന്നാമത്തെ ഭാര്യയാണ് വീടു നോക്കി നടത്തിയിരുന്നത്. വ്യാപാരിക്ക് അവളോട് വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ വ്യാപാരിക്ക് ഗുരുതരമായ അസുഖം പിടിപെട്ടു. പകര്‍ച്ചവ്യാധിയായതിനാല്‍ തന്നെ അയാളുടെ അടുത്തേക്ക് വരാന്‍ എല്ലാവരും ഭയപ്പെട്ടു. അയാളെ ശുശ്രൂഷിക്കാന്‍ അയാള്‍ തന്റെ രണ്ടാമത്തെയും മൂന്നമത്തേയും നാലാമത്തേയും ഭാര്യമാരോട് ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അയാളെ ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. പക്ഷേ, അദ്ദേഹത്തിന്റെ ആദ്യഭാര്യ അയാള്‍ വിളിക്കാതെ തന്നെ അയാളുടെ അടുത്തെത്തി അയാളുടെ ശുശ്രൂഷ ഏറ്റെടുത്തു. ക്ഷീണിച്ചവശയായ അവരെയായിരുന്നു താന്‍ കൂടുതല്‍ കരുതലോടെ സംരക്ഷിക്കേണ്ടിയരുന്നത് എന്ന കുറ്റബോധം അയാളെ അലട്ടി. പിന്നീടുള്ള ജീവിതത്തില്‍ തന്റെ തെറ്റയാള്‍ തിരുത്തി. ആകര്‍ഷണീയതയുളളവരെയാണ് അലങ്കരിക്കേണ്ടതെന്നും അവര്‍ക്കാണ് സ്വാധീനശേഷി കൂടതലെന്നുമുളള തെറ്റിദ്ധാരണ തലമുറകളായി നിലനില്‍ക്കുന്നതാണ്. അലങ്കാരത്തൂണകളായി നിവര്‍ന്നുനില്‍ക്കുന്നതിലല്ല ആവശ്യനേരത്ത് സഹയാത്രികനാകാന്‍ കഴിയുന്നതിലാണ് ബന്ധങ്ങളുടെ മൂല്യം. എന്നുമൊപ്പമുള്ളവരെ വല്ലപ്പോഴുമെങ്കിലും പരിഗണിച്ചാല്‍ അവരുടെ നഷ്ടങ്ങള്‍ കണ്‍മുന്‍പില്‍ കൃത്യമായി തെളിയും. കടമ നിറവേറ്റി മാത്രം നിലനില്‍ക്കുന്ന ബന്ധങ്ങളും കരുതലോടെ കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങളുമുണ്ട്. തന്റെ കാര്യലാഭത്തിന് വേണ്ടി മാത്രം സംരക്ഷിക്കപ്പെടുന്ന ബന്ധങ്ങളില്‍ ആര്‍ക്കും ആരോടും ഉത്തരവാദിത്വമോ കടപ്പാടോ ഉണ്ടായിരിക്കില്ല. ഒരിക്കലും നഷ്ടമാകില്ലെന്ന് ഉറപ്പുള്ള ചില അപൂര്‍വ്വബന്ധങ്ങളുണ്ടാകണം. ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്നതിനിടയിലും ഹൃദയത്തില്‍ സ്ഥാനം നല്‍കി സ്‌നേഹിക്കുന്ന ഒരാളെയെങ്കിലും നാം കരുതിവെയ്ക്കണം. അര്‍ഹതയില്ലാത്തപ്പോഴും ആരുമില്ലാത്തപ്പോഴും കൂടെ നില്‍ക്കാനുള്ള തീരുമാനമാണ് ബന്ധങ്ങളെ ആഴമുള്ളതാക്കി തീര്‍ക്കുന്നത്. തനിക്കിഷ്ടമുള്ളവരെ സ്‌നേഹിക്കുന്ന തിരക്കിനിടയില്‍ തന്നെ സ്‌നേഹക്കുന്നവരെ നാം കാണാതെ പോകരുത്. – ശുഭദിനം.

Leave a Reply

Your email address will not be published. Required fields are marked *