Sunday, January 5, 2025
Kerala

അച്ഛനേയും അമ്മയേയും കുത്തിയ പ്രതി മയക്കുമരുന്നിന് അടിമ; പൊലീസ് പിടികൂടിയത് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവച്ചശേഷം

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അച്ഛനേയും അമ്മയേയും കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഷൈന്‍ കുമാറിനെ നടക്കാവ് പൊലീസ് പിടികൂടിയത് സാഹസികമായി. കൂടിയ അളവില്‍ ഷൈന്‍ കുമാര്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. അക്രമാസക്തനായ പ്രതിയെ പിടികൂടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നു. ഷൈന്‍ കുമാറിനെ കീഴ്‌പ്പെടുത്താന്‍ രണ്ട് തവണയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്.

ഇന്നലെ രാത്രി വാടകവീട്ടിലേക്ക് മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ പ്രതി അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അച്ഛന് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ കുമാര്‍ കൂടിയ ഇനം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *