ശിവശങ്കറിന് നോട്ടീസ് നൽകിയത് പുതിയ കേസിൽ; അറസ്റ്റ് നടപടികൾ ഉണ്ടാകും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്ന് റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അല്ല അദ്ദേഹത്തെ ഒടുവിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്വപ്‌ന വിദേശത്തേക്ക് ഡോളർ കടത്തിയ സംഭവത്തിലും സന്ദീപ് നായർ നൽകിയ മൊഴിയിലും ശിവശങ്കറിനെതിരെ നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത് ചേർത്ത് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ശിവശങ്കറിന് സമൻസ് നൽകിയത്.
എന്നാൽ ഇതിന് പിന്നാലെ ശിവശങ്കറിനെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കസ്റ്റംസ് ഇന്നലെ തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ശിവശങ്കർ ഒഴിഞ്ഞു മാറുകയായിരുന്നു.
വെള്ളിയാഴ്ച ശിവശങ്കറിനെ ബന്ധപ്പെട്ടപ്പോൾ അസുഖമുണ്ടെന്നും ആരോഗ്യപ്രശ്‌നമുണ്ടെന്നും കസ്റ്റംസിനോട് പറയുകയായിരുന്നു. അതേസമയം എന്താണ് അസുഖമെന്ന വിവരം പറഞ്ഞിരുന്നില്ല. തുടർന്ന് കസ്റ്റംസ് നേരിട്ടെത്തി നോട്ടീസ് കൈമാറിയപ്പോഴാണ് പുതിയ കേസിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് മനസ്സിലായത്.