Monday, January 27, 2025
Kerala

‘സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടും’; കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയില്‍ തര്‍ക്കം തുടരുന്നു

കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് മറുപടിയുമായി രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍. സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നാണ് പ്രതികരണം. കോണ്‍ഗ്രസിലേക്കോ ബിജെപിയിലേക്കോ അല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകുന്നത് സിപിഐയിലേക്കാണ്. പാര്‍ട്ടി വിട്ടവരുടെ പട്ടിക പുറത്തുവിടാന്‍ തയ്യാറാണെന്നും വിമത വിഭാഗം നേതാവ് രാജേന്ദ്രകുമാര്‍ വ്യക്തമാക്കി. തട്ടിപ്പുകാരനാണെങ്കില്‍താന്‍ ഇത്രയും കാലം പാര്‍ട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടനാട്ടില്‍ സിപിഐഎം വിട്ടവര്‍ക്കെതിരെ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വിമത വിഭാഗത്തിന്റെ നേതാവ് രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരനാണെന്നും, പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ആര്‍ നാസര്‍ പറഞ്ഞു. കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടവരെ തിരികെ എത്തിക്കാനുളള തീവ്രശ്രമത്തിലാണ് സിപിഐഎം. ഇതിനിടെ സിപിഐഎം വിട്ടു സിപിഐയിലെത്തിയ 147 പേരെ സംഘടിപ്പിച്ച് സിപിഐ രാമങ്കരിയില്‍ കാല്‍ നട ജാഥ സംഘടിപ്പിച്ചു.

കുട്ടനാട്ടില്‍ 222 പേരാണ് സിപിഐഎം വിട്ട് സിപിഐയില്‍ അംഗത്വം എടുത്തത്. കൊഴിഞ്ഞു പോക്ക് തടയാന്‍ സിപിഐഎം നേതൃത്വം അനുരഞ്ജന നീക്കങ്ങള്‍ നടത്തുന്നതിടെയാണ് കുട്ടനാട്ടിലെ സിപിഐഎം വിമത നേതാക്കള്‍ക്കെതിരെ ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പരസ്യ പ്രതികരണവും ഇതിന് രാജേന്ദ്രകുമാറിന്റെ പ്രതികരണവും. വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന രാമങ്കരിപഞ്ചാ. പ്രസിഡന്റ് രാജേന്ദ്രകുമാറിനെ പാര്‍ട്ടി രണ്ട് തവണ നടപടി എടുത്തതാണെന്നും അന്തസ്സ് ഉണ്ടെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ആര്‍ നാസര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *