Monday, January 27, 2025
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; കെ സുരേന്ദ്രന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഞെട്ടിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎം നേതാക്കളെ സംരക്ഷിക്കാന്‍ ഭരണസംവിധാനം മുഴുവന്‍ രംഗത്തെത്തി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സിപിഐഎമ്മിലെ ഉന്നത നേതാക്കളും ചേര്‍ന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെതിരെ സിപിഐ മുന്‍ ബോര്‍ഡ് അംഗം സുഗതന്റെ ആരോപണം. വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് വിളിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥ എന്താണെന്ന് അറിയമാമോ എന്ന് ചോദിച്ചായിരുന്നു ഭീഷണിയെന്നും സുഗതന്‍ ആരോപിക്കുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെതിരെയാണ് ആരോപണം.

കേസില്‍ സിപിഐഎം ബലിയാടാക്കിയെന്ന ആരോപണങ്ങളുമായി രംഗത്തുവരികയാണ് കൂടുതല്‍ സിപിഐ അംഗങ്ങള്‍. വലിയ ലോണുകളെടുത്തപ്പോള്‍ സിപിഐയെ അറിയിച്ചില്ല. മുതിര്‍ന്ന സിപിഐഎം നേതാക്കളെ രക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കിയെന്നും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള സിപിഐ അംഗങ്ങള്‍ പറഞ്ഞു. ക്രമക്കേടുകള്‍ നടന്നത് സിപിഐഎമ്മിനുവേണ്ടിയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. ഇ ഡി അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ലളിതന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *