Monday, January 6, 2025
KeralaTop News

കെഎസ്ആർടിസി പമ്പിനെതിരെ ഹരജി നല്‍കിയയാള്‍ക്ക് 10,000 രൂപ പിഴയിട്ട് കോടതി

തിരുവനന്തപുരം : കിഴക്കേകോട്ടയിലെ കെഎസ്ആർടിസി പമ്പിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയയാൾക്ക് 10,000 രൂപ പിഴയിട്ട് കോടതി. പുതിയതായി കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ, ഡീസൽ, ഇലക്ട്രിക് പമ്പിനെതിരെയാണ് തിരുവനന്തപരുരം പേട്ട പാൽക്കുളങ്ങര സ്വദേശി സെൽവിൻ ഡി. ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റിൽനിന്ന് എൻഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചതെന്നാണ് ഹരജിയിൽ സെൽവിൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇക്കാര്യം തെറ്റാണെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തി. തുടർന്നാണ് രേഖകൾ പരിശോധിക്കാതെ കോടതിയെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളി ഇയാൾക്ക് പിഴയിട്ടത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പിഴത്തുകയായ 10,000 രൂപ അർബുദരോഗത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിനായി ചെലവഴിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

1971ൽ തന്നെ കെഎസ്ആർടിസിക്ക് എൻഒസി ലഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി കോടതിയെ അറിയിക്കുകയായിരുന്നു. പൊതുജനങ്ങൾക്കുകൂടെ തുറന്നുകൊടുക്കുന്നതിനുമുൻപ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഉൾപ്പെടെയുള്ളവയുടെ ആവശ്യമായ അനുമതിയും ലഭ്യമാക്കിയാണ് പമ്പിൻരെ പ്രവർത്തനമാരംഭിച്ചതെന്നും കെഎസ്ആർടിസി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ അഡ്വക്കേറ്റ് ദീപു തങ്കൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *