ശോഭാ സുരേന്ദ്രനെയും ഇപിയെയും കോൺഗ്രസിലേക്ക് ക്ഷണിച്ചതിൽ എംഎം ഹസനെ തള്ളി കെ മുരളീധരൻ
ശോഭാ സുരേന്ദ്രനെയും ഇപി യെയും കോൺഗ്രസിലേക്ക് ക്ഷണിച്ചതിൽ എംഎം ഹസനെ തള്ളി കെ മുരളീധരൻ. എന്തിനാണ് അവരെയും കൂടി കൊണ്ടുവരുന്നത് എന്ന് മുരളീധരൻ ചോദിച്ചു. ഇവിടെ തന്നെ ഒഴിവില്ലല്ലോ. അവരെ വിളിച്ച് എന്തിനാ ബുദ്ധിമുട്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കിക്കോട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ യോഗവുമായി ബന്ധപ്പെട്ട് ആര് നേതൃത്വത്തിൽ വരണമെന്ന് ചർച്ചചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളിലുമുള്ള പാർട്ടി കോൺഗ്രസാണ്. എപ്പോഴും കോൺഗ്രസ് വിട്ടുവീഴ്ച്ച ചെയ്യണമെന്ന് പറയരുത്. കർണാടക തെരഞ്ഞെടുപ്പ് വേളയിൽ തന്നെ കോൺഗ്രസ് പറഞ്ഞതാണ് ബിജെപിയുടെ ബി ടീമാണെന്ന് ജെഡിഎസ് എന്ന്. കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും കേരളത്തിൽ എൽഡിഎഫിനൊപ്പവും നിക്കാൻ പറ്റില്ലല്ലോ. കേരള ഘടകം നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ സിപിഐഎമ്മുമായി സഖ്യമാവാം. എന്നാൽ സംസ്ഥാനത്തെ സിപിഐഎമ്മുമായി സഹകരിക്കാനാവില്ല. അവർ പ്രത്യേക ജീവിയാണ്. ബെംഗളൂരു സമ്മേളനത്തിൽ പ്രതീക്ഷയുണ്ട്. എന്നാൽ, വികസന കാഴ്ചപ്പാടിന്റെ അജണ്ട വേണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മിനിമം പരിപാടിക്കെങ്കിലും രൂപം കൊടുക്കണം. യുസിസി വേണ്ട. കരട് വന്ന ശേഷം പ്രക്ഷോഭം ആലോചിക്കും.