കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കും; മുന്നറിയിപ്പുമായി ബിഎംഎസ്
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ് അറിയിച്ചു. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചനE പണിമുടക്കെന്ന് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര ശമ്പളത്തിൽ ജോലി ചെയ്യാൻ വന്നവരല്ല തൊഴിലാളികളെന്നും ബിഎംഎസ് നേതൃത്വം അറിയിച്ചു.
കെഎസ്ആർടിസി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തിയതിക്ക് മുമ്പ് ആദ്യ ഗഡു നൽകിയിരുന്നു. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. ഇതിൽ യൂണിയനുകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ ചിന്തിച്ചാൽ പ്രതിഷേധിക്കേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.
യൂണിയനുകൾക്കെതിരെയും മന്ത്രി പ്രതികരിച്ചു. പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ലെന്ന് യൂണിയനുകൾ മനസിലാക്കണം. കേന്ദ്രസർക്കാരിന്റെ സ്ക്രാപ്പിങ് പോളിസി മൂലം കേരളത്തിൽ ആയിരക്കണക്കിന് സർക്കാർ വാഹനങ്ങൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. എല്ലാ വകുപ്പുകളിലെയും ഒഴിവാക്കേണ്ട വാഹനങ്ങളുടെ കണക്കുകൾ എടുത്തു കൊണ്ടിരിക്കുകയാണ്. പുതിയ വാഹനങ്ങൾ വാങ്ങാൻ 800 കോടി രൂപയോളം അധിക ബാധ്യത വരുമെന്നും കേന്ദ്രം കാര്യമായ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.