Tuesday, April 15, 2025
Kerala

കൊച്ചിയിലെ അമ്ല മഴ ആശങ്ക; ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചില്ല, മലിനീകരണ നിയന്ത്രണ ബോർഡിന് ​ഗുരുതര വീഴ്ച

തിരുവനന്തപുരം/കൊച്ചി : കൊച്ചിയിൽ അമ്ല മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം.

മഴവെള്ളം ഒലിച്ച് അത് മറ്റ് ജലശ്രോതസ്സുകളിലേക്ക് വരാൻ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് ബ്രഹ്മപുരത്തെ തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ നൽകിയ മറുപടി. തീപിടുത്തം മൂലം അന്തരീക്ഷത്തിൽ മാരക രാസപദാർത്ഥങ്ങൾ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ദിവസങ്ങൾക്ക് മുമ്പേ ആശങ്ക പ്രചരിക്കുന്നുമുണ്ട്.

ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യ മഴ ലഭിച്ചത് ബുധനാഴ്ച വൈകീട്ടാണ്. പക്ഷെ ആദ്യമഴയുടെ സാമ്പിൾ ശേഖരിച്ചിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിക്കുന്നത്.

ബ്രഹ്മപുരത്തിന് സമീപത്തെ ജലാശയങ്ങളിൽ നിന്നുള്ള സാമ്പിൾ ശേഖരിച്ചതും മഴയ്ക്ക് മുമ്പ്. സ്റ്റാൻഡേ‍‌ര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസിഡ്യർ പ്രകാരം മഴസാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം. അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് വിശദീകരണം. എന്നാൽ അസാധാരണ സാഹചര്യവും ജനത്തിന്റെ ഭീതിയും കണക്കിലെടുത്തെങ്കിലും സാമ്പിൾ പരിശോധിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയുമില്ല.

അടുത്ത മഴയുടെ സാമ്പിൾ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്. ഡയോക്സിൻ സാന്നിധ്യത്തിന്റെ പരിശോധനയ്ക്ക് അപ്പുറം ഇതുവരെയും കൊച്ചിയിലെ അന്തരീക്ഷത്തിന്റെ കെമിക്കൽ അനാലിസിസ് നടത്തിയിട്ടുമില്ല. അതായത് ആസിഡ് മഴയ്ക്ക് കാരണമായേക്കാവുന്ന രാസപദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാൻ ഓദ്യോഗിക സാമ്പിൾ ശേഖരണം നടന്നിട്ടില്ല. കെമിക്കൽ അനാലിസിസും, മഴ സാമ്പിളിന്റെ പരിശോധനയും നടത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ആശങ്കൾക്കും സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനും കൃത്യമായി ഉത്തരം നൽകാമായിരുന്നു എന്നിരിക്കെയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വീഴ്ച.

Leave a Reply

Your email address will not be published. Required fields are marked *