പി സി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫിന്റെ പാർട്ടിയുമായി ലയനം
പി സി തോമസ് എൻഡിഎ മുന്നണി വിട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മുന്നണി വിടാൻ കാരണം. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നതായും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു
പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസിന്റെയും പി ജെ ജോസഫിന്റെയും പാർട്ടികളുടെ ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. പി ജെ ജോസഫാകും പാർട്ടിയുടെ ചെയർമാൻ.
നേരത്തെ കേരളാ കോൺഗ്രസ് തർക്കവുമായി ബന്ധപ്പെട്ട് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് പി ജെ ജോസഫ് പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാകാൻ സാധ്യതയില്ലാത്തതിനാൽ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കാനായിരുന്നു തീരുമാനം. അല്ലെങ്കിൽ ജോസഫിന്റെ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമായിരുന്നു.