വേണുഗോപാല്‍ അയ്യരുടെ മൊഴി തള്ളി ശിവശങ്കര്‍; ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
ലൈഫ് മിഷന്‍ പദ്ധതിക്കായി കോഴ വാങ്ങിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു.
ശിവശങ്കറിന്റെ ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ശിവശങ്കര്‍ ഇന്നലെ വേണുഗോപാലിന്റെ മൊഴി അടക്കം തള്ളിയിരുന്നു.
എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്‌ന സുരേഷിന് ബാങ്ക് ലോക്കറിനായി ശുപാര്‍ശ ചെയ്തത് താനാണെന്ന് വേണുഗോപാല്‍ സമ്മതിച്ചിരുന്നു. പക്ഷെ ഇതിനും തെളിവില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവശങ്കര്‍. ഇതോടെയാണ് വേണു ഗോപാലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ. ഡി തീരുമാനം. ഇ. ഡി കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ഇന്നലെ ആരോഗ്യ സംഘം പരിശോധിച്ചിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ശിവശങ്കറിനില്ല എന്നാണ് ലഭിക്കുന്ന വിവരം.
വാട്‌സ്ആപ് ചാറ്റുകള്‍ നിര്‍ണായക തെളിവാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതും. 2019 ജൂലൈ 31ന് സ്വപ്‌ന സുരേഷുമായി നടത്തിയ ചാറ്റില്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഒന്നിലും കാര്യമായി ഇടപെടാതെ മാറിനില്‍ക്കണമെന്നും ശിവശങ്കര്‍ സ്വപ്‌നയ്ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ‘എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയിലിടു’മെന്നുമെന്നും ശിവശങ്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘എല്ലാം ശ്രദ്ധിച്ചുകൊള്ളാം, സരിത്തും ഖാലിദും കാര്യങ്ങള്‍ നോക്കും’ എന്ന് സ്വപ്ന മറുപടിയും നല്‍കുന്നുണ്ട്. ചാറ്റ് നടന്ന ജൂലൈ 31ന്റെ അടുത്ത ദിവസമാണ് യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍ മൂന്ന് കോടി എട്ട് ലക്ഷം രൂപയുമായി കവടയാറില്‍ സ്വപ്ന സുരേഷിനെ കാണാനെത്തിയത്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായും വാട്സ്ആപ് ചാറ്റില്‍ ശിവശങ്കര്‍ പറയുന്നുണ്ട്.