നിലംനികത്തല്‍ തടഞ്ഞു; വില്ലേജ് ഓഫീസര്‍ക്ക് നേരെ സിപിഐഎം നേതാവിന്റെ അസഭ്യവര്‍ഷവും ഭീഷണിയും
നിലംനികത്തല്‍ തടഞ്ഞതിന് വില്ലേജ് ഓഫീസര്‍ക്ക് സിപിഐഎം നേതാവിന്റെ അസഭ്യവര്‍ഷവും ഭീഷണിയും. കെഎസ്‌കെടിയു കരുനാഗപ്പള്ളി ഏരിയ സെക്രട്ടറിയും സിപിഐഎം നേതാവുമായ ക്ലാപ്പന സുരേഷാണ് വില്ലേജ് ഓഫീസര്‍ക്ക് നേരെ ഭീഷണിയും അസഭ്യവര്‍ഷം നടത്തിയത്. സംഭവത്തില്‍ ക്ലാപ്പന വില്ലേജ് ഓഫീസര്‍ കരുനാഗപ്പള്ളി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ക്ലാപ്പന പഞ്ചായത്തില്‍ ആലുംപീടിക പാണ്ഡകശാലയ്ക്ക് സമീപം നടന്ന അനധികൃത നിലനിര്‍ത്തല്‍ വില്ലേജ് ഓഫീസര്‍ തടഞ്ഞതാണ് ക്ലാപ്പന സുരേഷിനെ ചൊടിപ്പിച്ചത്. മണ്ണുമായി എത്തിയ ലോറി പിടിച്ചെടുത്തതോടെ കര്‍ഷകത്തൊഴിലാളി നേതാവിന്റെ രോഷം പരിധി വിടുകയായിരുന്നു.
മണ്ണിട്ട് നികത്തിയ ഭൂമി പുരയിടം ആണെന്നും ഓഫീസില്‍ എത്തിയാല്‍ രേഖകള്‍ പരിശോധിക്കണമെന്നും വില്ലേജ് ഓഫീസര്‍ ക്ലാപ്പന സുരേഷിന് മറുപടി നല്‍കി. ഇതോടെ അസഭ്യവര്‍ഷവും ഭീഷണിയുമായി. കൃഷി, ഭൂമി, നവകേരളം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തി കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച സംസ്ഥാന പ്രചരണ ജാഥക്ക് പിന്നാലെ കെഎസ്‌കെടിയു നേതാവ് തന്നെ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നത് ജില്ലയില്‍ സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.
ഫോണില്‍ വിളിച്ചത് താന്‍ തന്നെയാണെന്ന് ക്ലാപ്പന സുരേഷ് സമ്മതിച്ചു കഴിഞ്ഞു. സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ സിപിഐഎം കരുനാഗപ്പള്ളി ഏരിയ സെന്ററില്‍ നിന്ന് നടപടി നേരിട്ട് തരം താഴ്ത്തപെട്ട ക്ലാപ്പന സുരേഷ് നിലവില്‍ സിപിഐഎം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഭാരവാഹിയാണ്. സംഭവത്തില്‍ ക്ലാപ്പന വില്ലേജ് ഓഫീസര്‍ കരുനാഗപ്പള്ളി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.