Wednesday, April 16, 2025
Kerala

​ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഗവർണർ പുറത്താക്കിയ കേരള സർവകലാശാല സെനറ്റംഗങ്ങളുടെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം. പുറത്താക്കൽ നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാൽ താൻ നാമനിർദേശം ചെയ്ത സെനറ്റംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്ന് ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഗവർണർ നാമനിർദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാൻ സെനറ്റംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ഇന്നലെ വാദം നടക്കവെ സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം നോട്ടീസ് നൽകിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തിൽ ചാൻസലറായ ഗവർണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്.

അതേസമയം കെടിയുവിൽ വിസിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാണ്. തീരുമാനമെടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും മിനുട്സിൽ വിസി സിസ തോമസിന് ഒപ്പിടാനിടയില്ല. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തിൽ വീണ്ടും തർക്കത്തിന് സാധ്യതയുണ്ട്. സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങൾക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പി കെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്. സർക്കാറിനെ മറികടന്ന് ഗവർണർ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കൽ തന്നെയാണ് യഥാർത്ഥലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *