Monday, April 14, 2025
Kerala

ആര്യങ്കാവിൽ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ പാല്‍ ടാങ്കറിന് ചോര്‍ച്ച

കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തിൽ പാൽ സൂക്ഷിച്ചിരുന്ന ടാങ്കറിൽ ചോർച്ച. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്‌മെന്റാണ് ചോർന്നത്. കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് കാരണമെന്നാണ് നിഗമനം. ഇതിനിടെ ടാങ്കർ പൊട്ടിത്തെറിച്ചെന്ന ഉടമകളുടെ വാദം പൊലീസ് നിഷേധിച്ചു.
ഫെർമെൻ്റേഷൻ പ്രക്രിയയുടെ ഭാഗമായി പാൽ തൈരാകുന്നതുകൊണ്ടാണ് ചോർച്ച ഉണ്ടാകുന്നത്. കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി തെന്മല സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അതേസമയം ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്.

ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *