Monday, January 6, 2025
Kerala

പാലിൽ മായം കലർന്നുവെന്ന് ഉറപ്പാണ്, മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പ്; മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം ആര്യങ്കാവിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് തന്റെ കൈവശം ഉണ്ട്. ആറ് മണിക്കൂർ മാത്രമേ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം ഉണ്ടാകൂ അതിന് ശേഷം അത് ഓക്സിജൻ ആയി മാറും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശാധന വൈകിയതാണോ റിപ്പോർട്ടിൽ ഉണ്ടായ അന്തരത്തിന് കാരണമെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുണ്ടായ ചർച്ചകളിൽ മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പ് ആണെന്ന് മന്ത്രി സൂചിപ്പിച്ചു.

ഭാവിയിൽ വിവാദങ്ങൾ ഒഴിവാക്കാനായി ഇത്തരം പ്രശ്നങ്ങളിൽ നടപടിയെടുക്കാനുള്ള അധികാരം ക്ഷീരവികസന വകുപ്പിന് കൂടി നൽകണം എന്ന ആവശ്യപ്പെടും. വിഷയവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ മാറ്റങ്ങൾ വരുത്തി അധികാരങ്ങൾ ഞങ്ങൾക്ക് കൂടി നൽകുകയാണെങ്കിൽ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി കൂട്ടിച്ചേർത്തു.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. അതേത്തുടർന്നാണ്, ഏഴര ലക്ഷം രൂപ വിലവരുന്ന 15300 ലിറ്റർ പാലുമായി വന്ന ലോറിയെ ജനുവരി 11ന് ക്ഷീര വികസന വകുപ്പ് പിടിച്ചെടുത്തത്. ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം രേഖപെടുത്തിയിരുന്നു. തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയത്. എന്നാൽ, പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് അവർക്ക് കണ്ടെത്താൻ സാധിച്ചത്. പന്തളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവർ വ്യക്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *