രാജ്യത്ത് ആദ്യമായി തടാകങ്ങളില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളം
കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടാകങ്ങളില്‍ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഗോള്‍ഫ് കോഴ്സിലെ രണ്ടുതടാകങ്ങളില്‍ മൊത്തം ഒരേക്കറോളം വിസ്തൃതിയില്‍ സ്ഥാപിച്ച ഒഴുകുന്ന സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോര്‍ജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയര്‍ന്നു.
ഹരിത ഊര്‍ജ ഉല്‍പാദനത്തില്‍ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാല്‍ വികസിപ്പിച്ചെടുത്ത ഹൈ ഡെന്‍സിറ്റി പോളിഎഥലീന്‍ പ്രതലങ്ങളിലാണ് പാനലുകള്‍ ഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഇത്തരം ചെറുയൂനിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യും. 1300 ഫോട്ടോവോള്‍ട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളില്‍ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ചെലവ്. സാധാരണയായി ഫ്ളോട്ടിങ് പാനലുകള്‍ സ്ഥാപിക്കാന്‍ മൂന്നിരട്ടി വരെ അധിക ചെലവുണ്ടാകും. എന്നാല്‍ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാല്‍ തറയില്‍ ഘടിപ്പിക്കുന്ന പ്ലാന്റുകളുടെ ചെലവിനൊപ്പമാക്കാന്‍ കഴിഞ്ഞു.
രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. തറയില്‍ ഘടിപ്പിക്കുന്ന പ്ലാന്‍ുകളേക്കാള്‍ കാര്യക്ഷമമാണ് ഫ്ളോട്ടിങ് പ്ലാന്റുകള്‍. ഹരിതോര്‍ജ ഉത്പാദനത്തില്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കാനും തുടര്‍ച്ചയായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നതുകൊണ്ടാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചതെന്ന് സ്ഥാപക മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ പറഞ്ഞു. വന്‍കിട ഊര്‍ജ ഉപയോക്താക്കളായ വിമാനത്താവളങ്ങള്‍ക്കും ഹരിതോര്‍ജം ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചതിനാണ് സിയാലിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായി ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് ലഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ് പാദമുദ്രകുറയ്ക്കാനും സിയാല്‍ പ്രതിജ്ഞാബദ്ധമാണ്.