Monday, January 6, 2025
Kerala

ശാഖയ്ക്ക് സംരക്ഷണം ഒരുക്കിയ കെ. സുധാകരന്റെ നിലപാടുകൾ വർഗീയതയോട് സമരസപ്പെടുന്നത്; മുഖ്യമന്ത്രി

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാടുകൾ വർഗീയതയോട് സമരസപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഖിലേന്ത്യാ കിസാൻ സഭ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരൻ ശാഖയ്ക്ക് സംരക്ഷണം കൊടുക്കാൻ തയാറായി എന്ന് പറയുന്നു. ബിജെപിയിൽ ചേർന്നാലെന്ത് എന്ന് ചോദിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് രാജ്യത്തിൻ്റെ നില ഉൾക്കൊള്ളുന്നതല്ലെന്ന വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിർത്ത് വേണം മതനിരപേക്ഷതയെ സംരക്ഷിക്കാൻ. ഇടത് സർക്കാരിനെതിരെ കോൺഗ്രസ്സും ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടാണ്. വികസനം വരരുത് എന്നാണ് അവരുടെ നിലപാട്. ബിജെപി കേന്ദ്ര ഭരണ കക്ഷി ആയതിനാൽ ആ സ്വാധീനം ഉപയോഗിക്കുന്നുണ്ട്. പലവിഷയങ്ങളിലും രാഷ്ട്രീയ ഇടപെടൽ വരുന്നുണ്ട്.

രാജ്യവികസനത്തിന് കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഫെഡറൽ തത്വങ്ങൾ കേന്ദ്രത്തിന് വാചകത്തിൽ മാത്രമേയുള്ളൂ.
പ്രയോഗത്തിൽ അതില്ലെന്നതാണ് സത്യം. മതാടിസ്ഥാനനത്തിലല്ല നമ്മുടെ പൗരത്വം നിർണയിക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാർ പറയുന്നത് മതാടിസ്ഥാനത്തിലാവണം പൗരത്വം എന്നാണ്. രാജ്യത്തിന്റെ, ജനങ്ങളുടെ ഐക്യം തകർക്കലാണ് ഇതിന്റെ ഉദ്ദേശം.

വിവാഹബന്ധം വേർപിരിക്കുന്നത് സിവിലായാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ മുസ്ലീമിന്റെ കാര്യം വരുമ്പോൾ അത് ക്രിമിനലായി വേണമെന്ന് സർക്കാർ പറയുന്നു. ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി ജെ പി നിലപാടിനെ പാർലമെന്റിൽ തുറന്നു കാട്ടാൻ കോൺ​ഗ്രസിന് കഴിയുന്നില്ല എന്നത് രാജ്യമാകെ ചോദ്യം ചെയ്യുകയാണ്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ കോൺ​ഗ്രസ് അംഗങ്ങൾ സഭയിൽ ഇല്ലാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *