Saturday, April 12, 2025
Kerala

മേയറുടെ വഴിതടഞ്ഞു: നഗരസഭയിൽ സംഘർഷം, 9 ബിജെപി വനിതാ കൗൺസിലർമാർക്ക് സസ്പെൻഷൻ

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍‌ ബിജെപി വനിത കൗണ്‍സിലര്‍മാര്‍ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി അംഗങ്ങളെ സസ്പെന്റ് ചെയ്തു.

തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന സമരം അനാവശ്യമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണം. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തന്‍റെ വാദങ്ങൾക്കുള്ള അംഗീകാരമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. നഗരസഭയിൽ ബിജെപി രാപ്പകൽ സമരം പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മേയറുടെ പേരിലുള്ള കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *