മേയറുടെ ചേംബറിന് മുന്നിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം
തിരുവനന്തപുരം കോർപറേഷനിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം തുടരുന്നു. മേയറുടെ ചേമ്പറിന് മുന്നിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭ കവാടത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്നാരംഭിക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
അതേസമയം തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണ നടപടികളിലേക്ക് കടക്കും. സംഭവത്തിൽ മേയറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ തുടർ നടപടികളും നിർണായകമാകും. അതേസമയം, ഭരണ സമിതിക്കെതിരെ അതിശക്ത പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
മേയറുടെ പരാതിയില്‍ അതിവേഗമാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. വിഷയത്തില്‍ തുടർന്നുളള നടപടികളില്‍ ക്രൈംബ്രാഞ്ചിന്‍റെ ഭാഗത്തും ഈ വേഗത ഉണ്ടാകുമെന്ന ഉറപ്പാണ് സർക്കാരും പാർട്ടിയും നല്‍കുന്നത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, ഔദ്യോഗികമായി അന്വേഷണ നടപടികളിലേക്ക് കടന്നേക്കും. പരാതിക്കാരിയായ മേയറുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
മേയറുടെ ഒറിജിനല്‍ ലെറ്റർപാഡുള്‍പ്പെടെ ശേഖരിച്ചായിരിക്കും നിലവില്‍ പ്രചരിക്കുന്ന കത്തിന്‍റെ സാധുത പരിശോധിക്കുക. മേയറുടെ ഒപ്പ് ദുരുപയോഗം ചെയ്തോ എന്നതടക്കം പരിശോധിക്കും. കത്തിന്‍റെ ഉറവിടവും ആരാണ് പ്രചരിപ്പിച്ചത് എന്നതും അന്വേഷണ പരിധിയില്‍ വരും.