ദേശീയപാതയിൽ അപകടകരമായ വിള്ളൽ, സംഭവിച്ചത് ഗുരുതര വീഴ്ച, എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി കെ. രാജൻ
തൃശൂർ കുതിരാൻ വഴുക്കുംപാറയിൽ ദേശീയപാതയിലെ അപകടകരമായ വിള്ളലിൽ എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി കെ രാജൻ. റോഡിൻറെ പാർശ്വഭിത്തി നിർമ്മാണത്തിൽ ഉൾപ്പെടെ ഗുരുതര വീഴ്ചയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിദഗ്ധസംഘവും സ്ഥലത്ത് പരിശോധന നടത്തും. മന്ത്രി കെ. രാജനും കളക്ടർ ഹരിത വി. കുമാറും മേഖലയിൽ സന്ദർശനം നടത്തി.
വഴുക്കുംപാറ മേഖലയിൽ ദേശീയപാതയുടെ പാർശ്വഭിത്തിയിലെ വിള്ളലും റോഡ് വിണ്ടുകീറിയതും പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ വിഷയം 24 വാർത്തയാക്കിയിരുന്നു. സ്ഥലത്തെത്തിയ മന്ത്രി കെ. രാജനും ജില്ലാ കലക്ടർ ഹരിത വി. കുമാറും ജനങ്ങളിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. എൻഎച്ച്എഐ അധികൃതരും കരാർകമ്പനിയായ കെഎംസി പ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നു
ഈ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചയും ഗുരുതര അലംഭാവവുമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. റോഡിൻറെ സുരക്ഷ സംബന്ധിച്ച് 24 മണിക്കൂറിനകം ജില്ലാ കNക്ടർക്ക് റിപ്പോർട്ട് നൽകാൻ എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കരാറുകാർക്ക് നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പിഡബ്ലിയുഡിയ്ക്ക് കീഴിലെ വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തും
വടക്കഞ്ചേരി മണ്ണുത്തി ടോൾ റോഡിൻറെ ഭാഗമാണ് ഈ പ്രദേശം. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകത പരിഹരിക്കും വരെ ടോൾപിരിവ് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.