കെ എസ് ആർ ടി സി ബസിലെ ലൈംഗികാതിക്രമം; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി
കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു.
കെഎസ്ആർടിസി എംഡിയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവം അതീവ ഗൗരവതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച്ച രാത്രിയാണ് കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് കെഎസ്ആർടിസി ബസ്സിൽ മോശം അനുഭവമുണ്ടായത്. ബസ്സിൽ സഹയാത്രികനായിരുന്നയാളാണ് മോശമായി പെരുമാറിയത്. കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ഇടപെൽ ഉണ്ടായില്ലെന്നും അധ്യാപിക പറയുന്നു.
തനിക്ക് നേരെയുണ്ടായ അതിക്രമത്തേക്കാൾ മുറിവേൽപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായില്ലെന്ന് അധ്യാപിക പറയുന്നു. കണ്ടക്ടർക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.