ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം, വെര്‍ച്വല്‍ ക്യൂവില്‍ ഇന്ന് പതിനായിരത്തില്‍ താഴെ തീര്‍ത്ഥാടകര്‍ മാത്രം
ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം. ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. വൃശ്ചികം ഒന്നിന് വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടതുറന്നതോടെയാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് തുടക്കമായത്.
കൊവിഡിന്റെ പശ്ചാത്തലത്തിലും കനത്ത മഴയുള്‍പ്പെടെ തുടരുന്ന സാഹചര്യത്തിലും കര്‍ശന നിയന്ത്രണങ്ങളാണ് ശബരിമലയില്‍ ഇത്തവണ നിലനില്‍ക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ വൃശ്ചിക പുലരിയിലും കാര്യമായ തിരക്ക് ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ചൊവ്വാഴ്ച മുതല്‍ ദര്‍ശനത്തിന് അവസരം. എന്നാല്‍ പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ.
നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പമ്പാ സ്‌നാനത്തിന് നിലവില്‍ അനുമതിയില്ല. സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് നിലവില്‍ തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ചൊവ്വാഴ്ച മുതല്‍ അന്നദാനം ഉണ്ടാവും. തീര്‍ത്ഥാടന കാലത്തെ ഒരുക്കങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്താന്‍ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് പതിനൊന്ന് മണിക്ക് അവലോകന യോഗം ചേരും. മഴയുള്‍പ്പെടെയുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ സ്വയം യാത്ര ഒഴിവാക്കിയാല്‍ അവര്‍ക്ക് 18ന് ശേഷം ഒരാഴ്ച ഇതേ ടിക്കറ്റ് ഉപയോഗിച്ച് ദര്‍ശനം നടത്താന്‍ അവസരമുണ്ടാവും.
ഡിസംബര്‍ 26 വരെയാണ് ഇത്തവണയിലെ മണ്ഡലകാല തീര്‍ത്ഥാടനം. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26ന് നടക്കും. ഇതിന് ശേഷം മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട വീണ്ടു തുറക്കും. 2022 ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ദര്‍ശനത്തിനുള്ള അനുമതിയുണ്ട്.
അതിനിടെ, പത്തനംതിട്ടയില്‍ മഴ ശക്തമായ തുടരുന്ന സാഹചര്യത്തില്‍ ശബരിമല പാതകളില്‍ ഗതാഗത തടസ്സം രൂപം കൊണ്ടിട്ടുണ്ട്. പന്തളം പത്തനംതിട്ട റൂട്ടില്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട നിലയാണ്. പന്തളം മാര്‍ക്കറ്റില്‍ വെള്ളം കയറി. മുട്ടാര്‍ നീര്‍ച്ചാല്‍ കര കവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. പന്തളം മാവേലിക്കര റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു.