രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നു; ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി ശിവശങ്കർ
രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എം ശിവശങ്കർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കർ കോടതിയിൽ ഉന്നയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതു കൊണ്ടാണ് തന്നെ അറസറ്റ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യം പറയുന്നത്.
കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ല. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തുന്നു. ഇതിന് താൻ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തത്. സ്വപ്‌നയും തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ പൂർണരൂപവും ശിവശങ്കർ രേഖാമൂലം കോടതിയിൽ സമർപ്പിച്ചു
താനൊരു കസ്റ്റംസ് ഓഫീസറെയും സ്വർണക്കടത്തിനായി വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. അതേസമയം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കാക്കനാട് ജില്ലാ ജയിലിൽ വെച്ചാണ് ചോദ്യം ചെയ്യൽ