എന്തുകൊണ്ട് മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല, കാരണം പുറത്ത് വിട്ട് അന്വേഷണ സംഘം
കൊല്ലം ആയൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടികളെ വൈക്കത്ത് ആറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആയൂര്‍ കീഴാറ്റൂര്‍ അഞ്‌ജു ഭവനത്തില്‍ അശോകന്റെ മകള്‍ ആര്യാ ജി അശോക്(21) , ഇടയം അനിവിലാസം വീട്ടില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. 13 ന് രാവിലെ 10 മണിക്ക് ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വാങ്ങുന്നതിനും ആധാര്‍ കാര്‍ഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടില്‍ നിന്നും ഇറങ്ങിയത്.
ഉച്ചയ്ക്കു 12നു ആര്യയുടെ മൊബൈൽ ഫോണിൽ വിളിച്ചു വീട്ടുകാർ സംസാരിച്ചിരുന്നു. ഇരുവരും വീട്ടിൽ എത്താഞ്ഞതിനെ തുടർന്നു വൈകിട്ടു വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു കണ്ടെത്തി. ഇതേ തുടർന്നു ഇവരെ കാണാനില്ലെന്നറിയിച്ച് ഇവരുടെ വീട്ടുകാർ അഞ്ചൽ, ചടയമംഗലം പൊലീസുകളിൽ പരാതി നൽകിയിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞപ്പോള്‍ 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചിരുന്നത്. ഇതിനിടെ അമൃതയുടെ വിവാഹം നടത്താനും പിതാവ് ആലോചിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയേണ്ടി വരുമെന്ന വിഷമമാകാം പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.