വയനാട്ടില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; ലോണ്‍ ആപ്പ് ഭീഷണിയുണ്ടായതായി ബന്ധുക്കള്‍
വയനാട് അരിമുളയില്‍ ഗൃഹനാഥന്റെ ആത്മഹത്യ ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന്. ചിറകോണത്ത് അജയരാജ് (44) ആണ് തൂങ്ങിമരിച്ചത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറില്‍ നിന്ന് കിട്ടിയിരുന്നു. സംഭവത്തില്‍ മീനങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലെ കാണാതായ അജയരാജിനെ ഉച്ചയോടെയാണ് വീടിനടുത്തുള്ള തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ സുഹൃത്തുക്കളുടെ ബന്ധുക്കളുടെയും ഫോണുകളിലേക്ക് ലോണ്‍ ആപ്പില്‍ നിന്നും വ്യാജമായി നിര്‍മ്മിച്ച ചിത്രങ്ങളും ഭീഷണി ഉളവാക്കുന്ന സന്ദേശങ്ങളും ലഭിച്ചു. ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് പൊലീസ് ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പരിഹാസവും ഭീഷണിയും തുടരുകയാണുണ്ടായത്.
കിഡ്‌നി രോഗിയായ അജയരാജിന് കടബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കളും പറയുന്നു. ഫേസ്ബുക്കിലെ പരസ്യത്തില്‍ നിന്നാകാം ഇത്തരം ലോണ്‍ ആപ്പുകളിലേക്ക് എത്തിയതെന്നും സുഹൃത്തുക്കള്‍ സംശയിക്കുന്നു. ലോട്ടറി വില്‍പനയായിരുന്നു അജയരാജിന്റെ തൊഴില്‍.
ആത്മഹത്യാ പ്രേരണ, ഭീഷണി , ഐടി വകുപ്പ് അനുസരിച്ച് മീനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അജയരാജിന്റെ ഫോണും മറ്റ് ഫോണുകളിലേക്ക് ഭീഷണി സന്ദേശമയച്ച നമ്പറുകളും സൈബര്‍ സെല്‍ പരിശോധിച്ച് വരികയാണ്. മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് അജയരാജിന്റേത്.