Monday, January 6, 2025
National

‘എ എന്‍ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടിയില്ല’; ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

തമിഴ്‌നാട്, കേരള ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. എ എന്‍ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുക്കാത്തതിനെതിരെയാണ് ഹര്‍ജി. അഭിഭാഷക പ്രീതി സിംഗ് മുഖേന പി കെ സി നമ്പ്യാരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സനാതന ധര്‍മത്തെ അപമാനിക്കുന്ന പ്രസ്താവനയ്‌ക്കെതിരെ നടപടി എടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വിശ്വാസത്തെ ഹനിക്കുന്ന വിഷയത്തില്‍ നടപടി എടുക്കാത്തത് നിയമലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ചെന്നൈയില്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശമുന്നയിച്ചത്. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തില്‍നിന്ന് തുടച്ചു നീക്കണമെന്നും ഉദയനിധി പറഞ്ഞു. ബിജെപി നേതാക്കളുള്‍പ്പെടെ നിരവധിപ്പേര്‍ ഇതില്‍ പ്രതിഷേധിച്ച് രംഗത്തു വന്നെങ്കിലും, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

ജൂലൈ 21 ന് കേരള നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും മിത്തെന്ന് വിളിച്ച് അപമാനിച്ചതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഗണപതിയുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഒരു മതവിഭാഗത്തെ വേദനിപ്പിക്കുന്നതായിരുന്നു സ്പീക്കറുടെ പ്രസ്താവനയെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *