Tuesday, January 7, 2025
Kerala

തെരുവുനായകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരം; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപകമായി ഇവയെ ആളുകൾ കൊലപ്പെടുത്തുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

‘തെരുവുനായകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെ’ന്ന് പോസ്റ്റിൽ പറയുന്നു.

കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് രാഹുലിൻ്റെ പ്രതികരണം. കേരളത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കൊല്ലപ്പെടുകയാണെന്ന തരത്തിലാണ് രാഹുലിൻ്റെ പ്രതികരണം.

Read Also: തെരുവുനായ ശല്യം രൂക്ഷം; വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര

കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. പോസ്റ്ററിനൊപ്പം ‘ദയവായി, നിർത്തൂ’ എന്ന് രാഹുൽ കുറിച്ചിരിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും ഷെൽട്ടർ ഒരുക്കാനും നിർദ്ദേശമുണ്ട്. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും കർമപദ്ധതിയിൽ പറയുന്നു. തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *