Saturday, October 19, 2024
Kerala

കേസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകും, വിസ്മയയുടെ നിലമേലിലെ വീട്ടില്‍ ഭീഷണിക്കത്ത്

കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ വീട്ടില്‍ ഭീഷണിക്കത്ത്. കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നുമാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയില്‍ നിന്നാണ് ഇത് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ നിന്ന് പിന്മാറണം. ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകും. കേസില്‍ നിന്നും പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. കത്ത് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പോലീസിന് കൈമാറി.

ചടയമംഗലം പോലീസ് തുടര്‍ നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. ത്രിവിക്രമന്‍ നായരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നാണ് പോലീസിന്റെ നിഗമനം. കത്തുമായി ബന്ധപ്പെട്ട് വിസ്മയയുടെ കുടുബം പ്രതികരിച്ചിട്ടില്ല.

വിസ്മയ കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളും, 92 റെക്കോര്‍ഡുകളും, 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പോലീസ് കുറ്റപത്രം.

Leave a Reply

Your email address will not be published.