‘ബിജു പ്രഭാകര്‍ ഐഎന്‍ടിയുസിയെ കുറ്റം പറയുന്നതിന് മുന്‍പ് സ്വന്തം പിതാവിനെ കുറിച്ച് ഓര്‍ക്കണം’; ടിഡിഎഫ്
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ്. ബിജു പ്രഭാകര്‍ ഐഎന്‍ടിയുസിയെ കുറ്റം പറയുന്നതിന് മുന്‍പ് സ്വന്തം പിതാവിനെ കുറിച്ചോര്‍ക്കണമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് എം വിന്‍സന്റ് പറഞ്ഞു.
തച്ചടി പ്രഭാകരന്‍ നെഞ്ചു കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനമാണ് ഐഎന്‍ടിയുസിയെന്ന് വിന്‍സന്റ് പറഞ്ഞു. മാസവരി പിരിക്കുന്ന 150 രൂപയില്‍ 100 രൂപ തൊഴിലാളികളുടെ ക്ഷേമ നിധിയിലേക്കാണെന്നും പ്രവര്‍ത്തനഫണ്ടായി 50 രൂപ മാത്രമാണ് എടുക്കുന്നതെന്നും എം വിന്‍സന്റ് വ്യക്തമാക്കി.
അനധികൃതമായി പണം പിരിക്കുന്നെന്ന് ആരോപിച്ച് യുണിയനെതിരെ നേരത്തെ ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 150 രൂപ പിരിച്ചെന്നും പണം പിന്‍വലിച്ചത് തടയണമെന്നും ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ബാങ്കിന് കത്തയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബിജു പ്രഭാകര്‍ നിജസ്ഥിതി അന്വേഷിച്ചില്ലെന്നും പരാതി എഴുതിവാങ്ങിയാണ് സിഎംഡി ബാങ്കിന് കത്തയച്ചതെന്ന് വിന്‍സെന്റ് പറഞ്ഞു. യൂണിയനോട് വിവരം തിരക്കിയത് പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.