Monday, January 6, 2025
Kerala

നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നിഷ കുറ്റം സമ്മതിച്ചു, കുത്തിയ കത്തി ഒളിപ്പിച്ചു; ഭർത്താവിനെ കൊന്നത് ഭാര്യ തന്നെ

തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു. യുവാവിന്റെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ടു കുത്തേറ്റതാണെന്ന് കണ്ടെത്തി. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നിഷ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി തർക്കമുണ്ടാവുകയായിരുന്നു. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായ ഭാര്യ നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്നു വിനോദ്. ഇരുവരും ഇതേചൊല്ലി കലഹിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ് നിഷ ഫോൺ ചെയ്യുന്നതിനെ ചോദ്യം ചെയ്തു. ഫോണിനായി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഫോൺ ആവശ്യപ്പെട്ട വിനോദിന് നിഷ ഫോൺ നൽകിയില്ല. ബലപ്രയോ​ഗത്തിലൂടെ നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ നിഷയുടെ കൈപിടിച്ച് തിരിച്ചതിനാൽ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലേക്ക് ഇരുന്നു. പെട്ടെന്ന് തന്നെ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ വിനോദിന് ആന്തരീക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നു പോവുകയുമായിരുന്നു. അതിനിടെ, ശബ്ദമൊന്നും കേൾക്കാതായതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്റെ മാതാവ് വന്നന്വേഷിച്ചപ്പോൾ ഇരുവരേയും പ്രശ്നമൊന്നുമില്ലാത്ത രീതിയിൽ കണ്ടതിനാല്ർ തിരിച്ചു പോവുകയായിരുന്നു. എന്നാൽ ഈ സമയത്തൊക്കെയും വിനോദിന് രക്തസ്രാവം ഉണ്ടായിരുന്നു. രക്തം നിൽക്കാത്തതിനാൽ വണ്ടി വിളിച്ച് നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ വിനോദ് മരിക്കുകയായിരുന്നു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്.

വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു അന്വേഷണം നടത്തി. പോസ്റ്റ് മോർട്ടത്തിൽ പൊലീസ് സർജന്റെ അഭിപ്രായവും കൊലപാതകമാവാം എന്നതായിരുന്നു. പരിസരവാസികളോടും ബന്ധുക്കളോടും നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ സൂത്രത്തിൽ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ ആദ്യമൊക്കെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന ഇവർ ഒടുവിൽ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാൻ കാരണമെന്ന് നിഷ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ലോറിയിലെ കയർ കാലിൽ കുരുങ്ങി, റോഡിലൂടെ നൂറ് മീറ്റർ വലിച്ചു കൊണ്ടുപോയി, കാൽ അറ്റു; ദാരുണാന്ത്യം

ഡിവൈഎസ്പി ടി.എസ് സിനോജിന്റെയും സി ഐ ജയകൃഷ്ണന്റേയും നേതൃത്വത്തിലായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പൊലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. തുടർന്ന് നടപടി ക്രമങ്ങൾക്കു ശേഷം നിഷയെ കോടതിയിൽ ഹാജരാക്കും.

പ്രത്യേകാന്വേഷണ സംഘത്തിൽ വരന്തരപ്പിള്ളി സബ് ഇൻസ്പെക്ടർമാരായ സി.സി ബസന്ത്, എ.വി ലാലു, ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു. റെജി, ഷിജോതോമസ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ സീനിയർ സിപിഒമാരായ കെ.പി രജനീശൻ, ഷമീർ വി.എ, ദീപേഷ്, അനിത, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *