എഐ വീഡിയോ കോൾ തട്ടിപ്പ്: നഷ്ടപ്പെട്ട പണം സൈബർ പൊലീസ് കണ്ടെത്തി, പ്രതിക്കായി അന്വേഷണം
കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിൽ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ട് പൊലീസ് ബ്ലോക്ക് ചെയ്തു. അതേസമയം പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം.
കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
താൻ ഇപ്പോൾ ദുബായിയിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയുണ്ടായി. സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെൽപ് ലൈൻ നമ്പരിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുത്ത് തിരികെ നൽകുകയായിരുന്നു.
പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ പ്രതികരിക്കരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.