രണ്ട് ദിവസമായി വെള്ളമില്ല; അട്ടപ്പാടിയിൽ ശസ്ത്രക്രിയകൾ മുടങ്ങി
വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
ആശുപത്രിയിൽ വെള്ളമില്ലാതായിട്ട് രണ്ടു ദിവസമായി. വെള്ളം മുടങ്ങാൻ കാരണം മോട്ടോറിൽ ചളി അടിഞ്ഞത് മൂലമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സർജറികൾ മാത്രമാണ് മുടങ്ങിയതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ഇതിനിടെ ശസ്ത്രക്രിയകൾ മുടങ്ങിയ വിഷയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. ആരോഗ്യം വൈദ്യുതി മന്ത്രിമാരുമായി ചർച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞു. കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകും.അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ല. ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തി.