Sunday, January 5, 2025
Kerala

രണ്ട് ദിവസമായി തുടരുന്ന പ്രകൃതി ക്ഷോഭത്തിൽ രണ്ട് മരണം; വിവിധ ക്യാമ്പുകളിലായി 1939 പേരുണ്ടെന്നും മുഖ്യമന്ത്രി

 

കേരളാ തീരത്ത് നിന്ന് വടക്കോട്ടു പോയെങ്കിലും ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊച്ചിയിലും പീരുമേട്ടിലും 200 മില്ലി മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. വടക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് വലിയ തോതിലുള്ള അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുമാണ് അപകടം നടക്കുന്നത്. നമ്മുടെ പറമ്പിലും സമീപത്തുമുള്ള മരങ്ങളും ശാഖകളും സുരക്ഷിതമാണോയെന്ന് ഉറപ്പാക്കണം

ചുഴലിക്കാറ്റ് മാറിപ്പോയാലും അടുത്തു തന്നെ കേരളത്തിലേക്ക് മൺസൂൺ മഴ എത്തും. മെയ് 31 ഓടെ കാലവർഷമെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലവർഷത്തിലും മരം വീണാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ നല്ല ജാഗ്രത വേണം.

കടൽക്ഷോഭം വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഒമ്പത് ജില്ലകളിൽ കടൽക്ഷോഭമുണ്ടായി. കടൽഭിത്തി ശാശ്വത പരിഹാരമല്ല. അപകടാവസ്ഥയിൽ കഴിയുന്ന തീരദേശവാസികളുടെ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് പുനർഗേഹം പദ്ധതി നടപ്പാക്കുന്നത്. തീരത്തോട് 50 മീറ്റർ ചേർന്ന് താമസിക്കുന്നവർക്ക് വീട് വാങ്ങാനും നിർമിക്കാനും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്

മഴ തുടരാനാണ് സാധ്യതയെന്നതിനാൽ തത്കാലം ക്യാമ്പിലേക്ക് മാറി ജീവാപായം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. ഏത് അടിയന്തര സാഹചര്യവും നേരിടാനും പോലീസ് സജ്ജമാണ്. രണ്ട് ദിവസമായി തുടരുന്ന പ്രകൃതി ക്ഷോഭത്തിൽ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളത്തും കോഴിക്കോടുമായി രണ്ട് പേർ മുങ്ങിമരിച്ചു. സംസ്ഥാനത്താകെ 68 ക്യാമ്പുകളിലായി 502 കുടുംബങ്ങളിലെ 1939 ആളുകൾ താമസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *