‘പിണറായി വാഴ വെട്ടുമ്പോൾ സുധാകരൻ കഴുക്കോൽ ഊരുന്നു’, കേരളത്തിൽ സിപിഐഎം-കോൺഗ്രസ് കൂട്ടുകെട്ട്; എ.എൻ.രാധാകൃഷ്ണൻ
കേരളത്തിൽ സിപിഐഎം-കോൺഗ്രസ് കൂട്ടുകെട്ടെന്ന് എ.എൻ.രാധാകൃഷ്ണൻ. പിണറായി വാഴ വെട്ടുമ്പോൾ സുധാകരൻ കഴുക്കോലൂരുകയാണ്. കോട്ടിട്ട് കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്.
ഒരു പെൺകുട്ടിയെ (വിദ്യ) കാണാതെയായിട്ട് കണ്ടുപിടിക്കാൻ സാധിക്കാത്ത പിണറായിക്ക് വേറെ വല്ല പണിക്കും പോയിക്കൂടെ എന്നും എ.എൻ.രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
ആർഷോ തല്ലിപ്പൊളിയാണ്, ആർഷോയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം കണ്ടാൽ പത്മശ്രീ കിട്ടിയ പോലെ ആണ്. ഗോവിന്ദന്റെ ഒക്കെ പ്രസ്താവനകൾ കേട്ടാൽ പൊന്നാപുരം കോട്ട വെട്ടിപിടിച്ചപോലെയാണെന്നും എ.എൻ.രാധാകൃഷ്ണൻ പ്രതികരിച്ചു.
അതേസമയം വ്യാജരേഖ ചമച്ച കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുകയാണ്. വിദ്യ നൽകിയ രേഖകൾ അന്വേഷണസംഘം പരിശോധിക്കും. സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്വേഷണം നാളെ ആരംഭിക്കും. രാവിലെ 11 മണിക്ക് കമ്മിറ്റി യോഗം ചേരും. സംവരണ അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും. പിഎച്ച്ഡി ക്രമക്കേടിൽ അന്വേഷണം വൈകുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.
ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് വിദ്യയിലേക്കുള്ള അന്വേഷണം കോഴിക്കോട്ടേക്കും നീട്ടാനാണ് കേരള പൊലീസിന്റെ തീരുമാനം. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം വ്യാപിപ്പിക്കുന്നതിനായി ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. വിദ്യ ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല ഗവ.കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.