നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്ത്
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കും. ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും തുടര്‍ വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഈ മാസം 7 മുതല്‍ 10 വരെയാണ് ബാലചന്ദ്രകുമാറിന്റെ വിസ്താരം നടക്കുക. യാത്രാ ബുദ്ധിമുട്ട് കാരണം വിസ്താരം തിരുവനന്തപുരത്തെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഇരുവൃക്കകളും തകരാറിലായി ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്. ഇത് പരിഗണിച്ചാണ് സാക്ഷി വിസ്താരം മാറ്റിയത്.
നേരത്തെ,വാദം നടക്കുന്നതിനിടെ ബാലചന്ദ്ര കുമാര്‍ കോടതി മുറിയില്‍ കുഴഞ്ഞു വീണിരുന്നു. തന്റെ ആരോഗ്യപ്രശ്നങ്ങള്‍ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേസ് മാറ്റണമെന്ന് ആവശ്യം പ്രോസിക്യൂഷന് മുന്നോട്ട് വെച്ചത്.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സാക്ഷിയാണ് സംവിധായകന് ബാലചന്ദ്രകുമാര്‍. ദിലീപുമായി ബന്ധപ്പെട്ട് നാല്പതോളം ശബ്ദരേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതില്‍ ദിലീപിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയില്‍ തിരിച്ചറിയും ചെയ്തിരുന്നു.