ഒറ്റ വോട്ടിന് കോട്ടയം നഗരസഭ യു.ഡി.എഫിന്; എല്‍.ഡി.എഫ് അവിശ്വാസപ്രമേയ നീക്കം പാളി
കോട്ടയം നഗരസഭ ഭരണം യു.ഡി.എഫിന്. ഒറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. 21 നെതിരെ 22 വോട്ടുകള്‍ നേടിയാണ് ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഒരു സി.പി.എം അംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതാണ് യു.ഡി.എഫിന് ഗുണം ചെയ്തത്.
തുടക്കത്തില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 22, ബിജെപി 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. അദ്ധ്യക്ഷ സ്ഥാനം വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യനെ കൂടെകൂട്ടിയത്. ഇതോടെയാണ് കോണ്‍ഗ്രസ് അംഗസംഖ്യ 22 ആയത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് ഭരണം നേടി. എന്നാല്‍ ഭരണസമിതിയിലെ ഭിന്നത ചൂണ്ടിക്കാട്ടി യു.ഡി.എഫിനെതിനെതിരെ എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ബിജെപി പിന്തുണയോടെയാണ് അവിശ്വാസം പാസ്സായത്.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷനേതാവ് ഷീജ അനിലും, ബിജെപിക്കായി റീബാ വര്‍ക്കിയുമാണ് മത്സരിച്ചത്. കഴിഞ്ഞ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലും ഇവര്‍ തന്നെയാണ് മത്സരിച്ചത്.