ഒറ്റപ്പാലത്ത് ഒമ്പത് വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട് ഒറ്റപ്പാലത്ത് ഒൻപത് വയസുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്ക് 12.30നാണ് സംഭവം. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
കുട്ടിയുടെ അമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുട്ടി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയതാകാമെന്ന് ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.