എൽദോസിനെതിരായ ബലാത്സംഗ വകുപ്പ്, ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന ക്ലീഷെ പറയുന്നില്ല; വി.ഡി. സതീശൻ
എം.എൽ.എ എൽദോസിനെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയതിനെപ്പറ്റി രാഷ്ട്രീയ പ്രേരിതമെന്ന ക്ലീഷെ പറയുന്നില്ലെന്നും ഇത് ഗൗരവമായ സംഭവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണ വിധേയനായ എം.എൽ.എയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ വിശദീകരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീപക്ഷ നിലപാടാണ് കോൺഗ്രസിന്റേത്. ഒളിവിൽ പോകേണ്ട ആവശ്യം എം.എൽ.എയ്ക്കില്ല. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിനും കോൺഗ്രസിന്റെ ഈ നിലപാട് പാഠമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂൾ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.
നിലവിൽ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിലാണ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് എൽദോസ് ഇന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ക്രിമിനലുകൾക്ക് ജെൻഡർ വ്യതാസമില്ല,താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. അധികാരം എനിക്ക് അവസാന വാക്കല്ല. മരിക്കുവോളം സത്യസന്ധമായി ജീവിക്കും. പെരുമ്പാവൂരിലെ വോട്ടേഴ്സ് പറയുന്നത് അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദീകരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. തട്ടിപ്പ് തനിക്ക് വശമില്ലെന്നും ദൈവം മാത്രമാണ് തുണയായിട്ടുള്ളതെന്നും എൽദോസ് കുന്നപ്പിള്ളിൽ പ്രതികരിച്ചു.