പാലോട് കെട്ടിടത്തിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകം; 2 പേർ അറസ്റ്റിൽ
തിരുവനന്തപുരം പാലോട് കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക പ്രശ്നമാണ് കൊലപാതക കാരണമെന്നും പൊലീസ് കണ്ടെത്തി. കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 12 ന് രാത്രി 10.30 യോടെയാണ് കേസിന് ആസ്പദമായ സംഭവം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ സുഭാഷാണ് മരിച്ചത്. താന്നിമൂട് ജംക്‌ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന സുഭാഷ്, വീട്ടിലെ ജനാല വഴി റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു.
ഈ സമയം കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടുപേരെ സംഭവസമയത്ത് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. എറണാകുളം സ്വദേശി ബിജു, കുന്നത്തുകാൽ സ്വദേശി സബിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സുഭാഷിന്റെ വീട്ടിലെത്തി പണം ഇടപാട് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ഇതിനിടെ ബിജു സുഭാഷിനെ പിടിച്ചു തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു