അടിമാലിയിൽ യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകം; പ്രതി മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ്
അടിമാലിയിൽ യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് പ്രതി.
സുധീഷ് ഉന്നം ഇട്ടത് മനോജിനെ കൊല്ലാനായിരുന്നുവെങ്കിലും മരിച്ചത് സുധീഷായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബിവറേജിൽ നിന്നും മദ്യം വാങ്ങിയാണ് വിഷം കലർത്തിയെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. മദ്യം കൊണ്ടുപോയി സുഹൃത്തുക്കൾക്ക് കൊടുത്തത് സുധീഷ് തന്നെയാണ്. സംശയത്തെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അടിമാലി സ്വദേശികളായ കുഞ്ഞുമോൻ, അനിൽകുമാർ, മനോജ് എന്നിവർ മദ്യം കഴിച്ച് അവശനിലയിലായി ചികിത്സ തേടിയത്. കുഞ്ഞുമോൻ ഇന്നലെയാണ് മരിച്ചത്. ബാക്കി രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. വഴിയിൽനിന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചെന്ന തരത്തിലായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ മദ്യം കഴിച്ച അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ കോട്ടയം മെഡിക്കൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അടിമാലി അപ്സരക്കുന്നിൽ വച്ച് മദ്യകുപ്പി കളഞ്ഞ് കിട്ടിയെന്നും അത് കുടിച്ചാണ് ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടതെന്നുമാണ് ആദ്യം ഇവർ പറഞ്ഞിരുന്നത്. ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില മോശമായതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയാണ് അവശ നിലയിലായ കുഞ്ഞുമോൻ മരിച്ചത്. അതിന് പിന്നാലെയാണ് ഇത് കൊലപാതകമാണെന്ന വാർത്ത പുറത്തുവരുന്നത്.