നേതാക്കൾ കൊഴിഞ്ഞുപോകുന്നു, നേതൃത്വത്തിന് നിസംഗത: മുന്നറിയിപ്പുമായി മുതിർന്ന നേതാക്കൾ
കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് തടയാൻ കെപിസിസി നേതൃത്വം ഇടപെടണമെന്ന് മുതിർന്ന നേതാക്കൾ. പോകുന്നവർ പോകട്ടെയെന്ന പുതിയ നേതൃത്വത്തിന്റെ നിലപാട് തെറ്റാണ്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അടക്കം പാർട്ടി വിട്ടതോടെ കൊഴിഞ്ഞുപോക്ക് തടയാൻ ഇടപെടണമെന്ന നിർദേശമാണ് മുതിർന്ന നേതാക്കൾ മുന്നോട്ടുപെക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കെപിസിസി ഭാരവാഹികളാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കൊഴിഞ്ഞുപോക്ക് തടയാനുള്ള നീക്കം കെപിസിസി നേതൃത്വം നടത്തുന്നുമില്ല. പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം സമീപനം ഗുണകരമാകില്ലെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.
ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുന്നതിന് പകരം പ്രകോപനമുണ്ടാക്കുകയാണ് പുതിയ നേതൃത്വം. നിലവിൽ നിരവധി നേതാക്കൾ ഇടഞ്ഞുനിൽക്കുന്നുണ്ട്. കെപിസിസി പുനഃസംഘടന കൂടി പൂർത്തിയാകുന്നതോടെ ഇവരിൽ ഭൂരിഭാഗം പേരും പാർട്ടി വിടുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്.