സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിച്ചില്ല; രൂക്ഷ വിമർശനവുമായി പെരുമ്പാവൂരിലെ സ്ഥാനാർഥി
പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് വീഴ്ചയിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടിയെ പരിഹസിച്ച് കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ബാബു ജോസഫ്. തെരഞ്ഞെടുപ്പ് വീഴ്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ സി മോഹനനെ താക്കീത് ചെയ്തിരുന്നു. ഗുരുതരമായ വീഴ്ചയിൽ നടപടി വെറും താക്കീതിൽ ഒതുക്കിയതിനെയാണ് ബാബു ജോസഫ് പരിസഹിച്ചത്
പ്രധാനപ്പെട്ട ചില നേതാക്കളുടെ ഭാഗത്ത് നിന്നും തനിക്കെതിരായ നീക്കങ്ങളുണ്ടായി. യുഡിഎഫിന് മേൽക്കൈയുണ്ടായിരുന്ന പഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ സാധിച്ചു. ആ അവസരത്തിൽ എൽദോസ് കുന്നപ്പള്ളി പോലും പരാജയം സമ്മതിച്ച് പുറത്തേക്ക് പോയി. എന്നാൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ നാല് പഞ്ചായത്തുകളിലെത്തിയപ്പോൾ അവിടെ എൽദോസ് ലീഡ് ചെയ്യുന്ന സാഹചര്യമുണ്ടായി.
ശാസനയാണ് പാർട്ടി നൽകുന്ന കഠിന തടവെങ്കിൽ നല്ലത്. ശാസന അത്ര ഗൗരവമുള്ള കാര്യമാണെന്നാണ് പലരും പറഞ്ഞത്. ഗൗരവമില്ലെങ്കിൽ പാർട്ടി ആ നിലയ്‌ക്കേ കണ്ടിട്ടുള്ളു എന്ന് മാത്രം. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. തന്നെ സംരക്ഷിക്കേണ്ടത് സിപിഎം ആയിരുന്നു. എന്നാൽ അത്തരത്തിലൊരു സഹകരണവും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബാബു ജോസഫ് പറഞ്ഞു.