മലപ്പുറത്ത് സദാചാര ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസ്: പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും
മലപ്പുറത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിൽ വിഷമിച്ച് അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപൻ സുരേഷ് ചാലിയത്തിനെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്.
ആക്രമിച്ചവരെല്ലാം തന്നെ സുരേഷ് ചാലിയത്തിന്റെ പരിസരവാസികളാണ്. മർദിച്ചതിന് അയൽവാസികളായ ചിലർ ദൃക്‌സാക്ഷികളുമാണ്. അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ച് അക്രമിസംഘം സുരേഷിനെ മർദിച്ച ശേഷം വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതിൽ മനം നൊന്താണ് അധ്യാപകൻ ആത്മഹത്യ ചെയ്തത്
ചിത്രകാരനും സിനിമാ പ്രവർത്തകനും കൂടിയായിരുന്നു സുരേഷ് ചാലിയത്ത്. ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. സുരേഷിന്റെ സുഹൃത്തായ ഒരു സ്ത്രീയുമായി വാട്‌സാപ്പിൽ ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് സാദാചാര ഗുണ്ടകൾ സുരേഷിനെ ആക്രമിച്ചത്.